
നാഗ്പൂര്‍: ആവസാന നാലോവര്‍ വരെ ജയം ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബൂമ്രയും ആശിഷ് നെഹ്റയും ചേര്‍ന്ന് വരിഞ്ഞുകെട്ടി. തുടക്കവും ഒടുക്കവും കസറിയപ്പോള്‍ ആവസാന നാലോവറില്‍ ഏഴു വിക്കറ്റ് ശേഷിക്കെ 32 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്ന ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കി ഇന്ത്യ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം സ്വന്തമാക്കി. ജയത്തോടെ പരമ്പരയില്‍(1-1) ഒപ്പമെത്താനും ഇന്ത്യക്കായി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 144/8, ഇംഗ്ലണ്ട് 20 ഓവറില്‍ 139/6.
ജോസ് ബട്‌ലറും ജോ റൂട്ടും ക്രീസില്‍ നില്‍ക്കെ ബൂമ്ര എറിഞ്ഞ അവസാന ഓവറില്‍ വെറും എട്ടു റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ട് ജയത്തിന്. ആദ്യ പന്തില്‍ തന്നെ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബൂമ്ര അടുത്ത പന്തില്‍ ഒരു റണ്‍സ് വഴങ്ങി. മൂന്നാം പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന ബൂമ്ര നാലാം പന്തില്‍ ബട്‌ലറുടെ മിഡില്‍ സ്റ്റമ്പ് ഇളക്കി. അഞ്ചാം പന്തില്‍ ഒരു ബൈ റണ്‍സ് ലഭിച്ച ഇംഗ്ലണ്ടിന് അവസാന പന്തില്‍ ആറു റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ബൂമ്രയുടെ പന്തില്‍ മോയിന്‍ അലിക്ക് റണ്‍സൊന്നും നേടാനായില്ല. അവസാന ഓവര്‍ എറിഞ്ഞ ബൂമ്ര വഴങ്ങിയത് ഒരു ബൈ അടക്കം രണ്ട് റണ്‍സ് മാത്രം.
ഇന്ത്യ ഉയര്‍ത്തിയ ചെറി വിജയലക്ഷ്യത്തിലേക്ക് സമ്മര്‍ദ്ദമൊന്നുമില്ലാതെ മുന്നേറിയ ഇംഗ്ലണ്ടിന് അവസാന നാലോവറിലാണ് കളി കൈവിട്ടത്.പതിനേഴാം ഓവറില്‍ അപകടകാരിയായ സ്റ്റോക്സിനെ(27 പന്തില്‍ 38) നെഹ്റ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് കളിയുടെ ഗതി തിരിഞ്ഞത്. പതിനെട്ടാം ഓവര്‍ എറിയാനെത്തിയ ബൂമ്ര സ്ലോ ബോളുകള്‍കൊണ്ട് റൂട്ടിനെയും ബട്‌ലറെയും ശ്വാസം മുട്ടിച്ചു. വഴങ്ങിയതാകട്ടെ മൂന്നു റണ്‍സും. എന്നാല്‍ നെഹ്റ എറിഞ്ഞ പത്തൊമ്പാതാം ഓവറില്‍ ഇന്ത്യ കളി കൈവിട്ടുവെന്ന് കരുതിയതാണ്. ഒരു സിക്സറും ഫോറുമടക്കം ബട്‌ലര്‍ ആ ഓവറില്‍ അടിച്ചെടുത്തത് 16 റണ്‍സ്. പിന്നീടായിരുന്നു ബൂമ്രയുടെ മാന്ത്രിക ഓവര്‍. ഇന്ത്യക്കായി നെഹ്റ നാലോവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബൂമ്ര നാലോവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ഇംഗ്ലണ്ടിനായി റൂട്ട്(38 പന്തില്‍ 38), മോര്‍ഗന്‍(23 പന്തില്‍ 17) സ്റ്റോക്സ്(27 പന്തില്‍ 38), ബട്‌ലര്‍(10 പന്തില്‍15) എന്നിവരാണ് ചെറുത്തുനിന്നത്. നേരത്തെ സ്റ്റോക്സിന് അക്കൗണ്ട് തുറക്കും മുമ്പെ അമിത് മിശ്ര ബൗള്‍ഡാക്കിയെങ്കിലും നോ ബോളായത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. തുടക്കത്തിലെ ഇംഗ്ലീഷ് ഓപ്പണര്‍മാരെ മടക്കി നെഹ്റയാണ് ഇന്ത്യക്ക് ആശിച്ച തുടക്കം നല്‍കിയത്.
നേരത്തെ ആദ്യ ട്വന്റി-20 മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ബാറ്റിംഗ്. കെ.എല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പൊഴിച്ചാല്‍ മറ്റെല്ലാം ആദ്യമത്സരത്തിന് സമാനം. ഇംഗ്ലണ്ട് ടോസ് നേടി. ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. തുടക്കത്തില്‍ കൊഹ്‌ലിയുടെ ആക്രമണം. പിന്നീട് തകര്‍ച്ച. ആദ്യം കൊഹ്‌ലി(21) പിന്നാലെ റെയ്ന(7), യുവരാജ്(4) എന്നിവര്‍ കൂടി കാര്യമായ സംഭാവകളില്ലാതെ മടങ്ങിയതോടെ വന്‍സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രാഹുലാണ് 140ലെങ്കിലും എത്തിച്ചത്. 47 പന്തില്‍ 71 റണ്‍സെടുത്ത രാഹുല്‍ പതിനെട്ടാം ഓവറിലാണ് പുറത്തായത്. ധോണി ക്രീസിലുണ്ടായിട്ടും ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നഷ്ടമായത് മൂന്ന് വിക്കറ്റ്. നേടിയതാകട്ടെ കേവലം അഞ്ചു റണ്‍സും.
അവസാന ഓവറില്‍ കൂടുതല്‍ സ്ട്രൈക്ക് ലഭിക്കാനായി രണ്ട് റണ്ണൗട്ടുകള്‍ക്ക് കാരണക്കാരനായെങ്കിലും ധോണിക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഏഴു പന്തില്‍ അഞ്ചു റണ്‍സെടുത്ത് ധോണി അവസാന പന്തില്‍ പുറത്തായി.രാഹുലിന് പുറമെ 26 പന്തില്‍ 30 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലി 20 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!