ട്രാന്‍സ്ഫര്‍ വിപണിയില്‍ താരമാകാന്‍ വീണ്ടും ബെയ്‌ല്‍

By Web DeskFirst Published Jan 25, 2017, 1:53 PM IST
Highlights

ലണ്ടന്‍: ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒരിക്കല്‍ കൂടി താരമാകാന്‍ ഗാരത് ബെയ്‌ല്‍. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും  200  ദശലക്ഷം യൂറോയാണ് റയലിന്റെ ഈ സൂപ്പര്‍ താരത്തിന് വിലയിട്ടിരിക്കുന്നത്. സമ്മതം മൂളിയാല്‍ ഏറ്റവും വിലപിടിപ്പുള്ള താരമായി ബെയ്‌ല്‍ വീണ്ടും മാറും. ടോട്ടനത്തില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിലൂടെയായിരുന്നു ഇതിന് മുമ്പ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ബെയ്‌ല്‍ ഇടിമുഴക്കമായത്. 95 മില്ല്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് തുകയ്‌ക്കായിരുന്നു അന്ന് സാന്‍ഡിയാഗോ ബെര്‍ണബ്യൂവില്‍ ബെയ്‌ല്‍ എത്തിയത്.തകര്‍ത്തത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്.

എന്നാല്‍ ഈ സീസണില്‍ മാഞ്ചസര്‍ യുണൈറ്റഡ് പോള്‍ പോഗ്ബയെ 105 മില്ല്യണ്‍ യൂറോ നല്‍കി ടീമിലെടുത്തതോടെ ബെയ്‌ലിന്റെ റെക്കോര്‍ഡ് പഴങ്കഥയായി.ആ റെക്കോര്‍ഡ് ബെയ്ല്‍ തിരിച്ച് പിടിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 200 മില്ല്യണ്‍ യൂറോയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ബെയ്‌ലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

പഴയ പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുന്ന രണ്ട് ക്ലബുകളും ഇത്രയും വലിയ തുക മുടക്കിയാലും നഷ്‌ടടമാകില്ലെന്നാണ് കരുതുന്നത്. മാഞ്ചസ്റ്ററിനെ തഴഞ്ഞായിരുന്നു ബെയ്‌ലിന്റെ റയല്‍ പ്രവേശം. എന്നാല്‍ ഇത്തവണ ബെയ്ല്‍ മുഖം തിരിക്കില്ലെന്നാണ് യുണൈറ്റ‍ഡിന്റെ പ്രതീക്ഷ. ജനുവരി ട്രാന്‍ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളു. ഇതിന് മുമ്പ് പ്രീമിയര്‍ ലീഗിലേക്കുള്ള  ബെയ്‌ലിന്റെ തിരിച്ച് വരവ്  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അത്‍ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്മാനാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ മറ്റൊരു ചര്‍ച്ച വിഷയം. ഗ്രീസ്മാന്റെ യുണൈറ്റഡ് പ്രവേശവും ഈ ആഴ്ചയിലുണ്ടായേക്കും. ബൊറൂസിയയുടെ ഒബമയോങ്ങിനെ ക്യാമ്പിലെത്തിച്ച് യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ  ശ്രമം. ഒബാമയോങ്ങിനോടുള്ള റയല്‍ മാഡ്രിഡിന്റെ താല്‍പര്യം ഇക്കാര്യത്തില്‍ സിറ്റിക്ക് മുന്നിലുള്ള വെല്ലുവിളി.

 

click me!