ടൈമല്‍ മില്‍സിന്റെ വേഗത്തെ പേടിയില്ലെന്ന് കൊഹ്‌ലി

By Web DeskFirst Published Jan 25, 2017, 7:07 AM IST
Highlights

കാണ്‍‍പൂര്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ ഇംഗ്ലണ്ടിന്റെ വജ്രായുധമാകുമെന്ന് കരുതുന്ന പേസര്‍ ടൈമല്‍ മില്‍സിനെക്കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊഹ്‌ലി ഇംഗ്ലീഷ് പേസറെക്കുറിച്ച് മനസുതുറന്നത്. 150 കിലോ മീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്ന മില്‍സിനെ എങ്ങനെ നേരിടുമെന്ന ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസച്ചുവയുള്ള ചോദ്യത്തിനായിരുന്നു കൊഹ്‌ലിയുടെ കുറിക്കുക്കൊള്ളുന്ന മറുപടി.

ഒരു പേസ് ബൗളറെയും പേടിയില്ലെന്നും 90 മൈല്‍ വേഗത്തില്‍ പന്തെറിയുന്ന പേസ് ബൗളര്‍മാരെപ്പോലും കരിയറില്‍ താന്‍ നേരിട്ടുണ്ടെന്നും കൊഹ്‌ലി പറഞ്ഞു. മില്‍സിന്റെ ബൗളിംഗ് അധികം കണ്ടിട്ടില്ലെങ്കിലും അതിനേക്കാള്‍ അതിവേഗക്കാരെ നേരിട്ടുണ്ട്. മില്‍സ് ടി20 സ്പെഷലിസ്റ്റ് ആയതിനാലായിരിക്കും അദ്ദേഹത്തെ ഇംഗ്ലണ്ട് ടീമിലെടുത്തത്. അദ്ദേഹത്തിന്റെ ബൗളിംഗ് ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യ കളി കഴിഞ്ഞ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയാം. എന്നാലും 90 മൈല്‍ സ്പീഡില്‍ എറിയുന്നു എന്നത് ഒരു വിഷയമേയല്ല. കാരണം 90 മൈല്‍ വേഗത്തില്‍ പന്തെറിയുന്ന ഒരുപാട് പേരെ ഞാന്‍ നേരിട്ടുണ്ട്-കൊഹ്‌ലി വ്യക്തമാക്കി.

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പേസ് ബൗളര്‍മാരില്‍ ഒരാളാണ് 24കാരനായ ടൈമല്‍ മില്‍സ്. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ സ്ഥിരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് മില്‍സ് ബാറ്റ്സ്മാന്‍മാരെ കുഴക്കിയിരുന്നു.

 

 

click me!