ഫുട്ബോള്‍ ലോകകപ്പ് ലക്ഷ്യമിട്ട് ചൈനയുടെ സ്പോട്ട് കിക്ക്

Published : Apr 15, 2016, 10:20 PM ISTUpdated : Oct 05, 2018, 01:28 AM IST
ഫുട്ബോള്‍ ലോകകപ്പ് ലക്ഷ്യമിട്ട് ചൈനയുടെ സ്പോട്ട് കിക്ക്

Synopsis

മിഷൻ 2050

കളിത്തട്ടിലെ ഉന്നംപിഴയ്ക്കാത്ത ഷോട്ടുകൾ പോലെയുള്ള പദ്ധതികളുമായാണ് ചൈന ഫുട്ബോൾ ലോകം കീഴടക്കാനൊരുങ്ങുന്നത്- ഇതിനായി വേൾഡ് ഫുട്ബോൾ സൂപ്പർ പവർ -2050 എന്ന പ്രത്യേക മാർഗരേഖയും പുറത്തിറക്കി. 50 നിർദേശങ്ങൾ അടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് മാർഗരേഖയിലുള്ളത്. ഒന്നാം ഘട്ടത്തിൽ ഫുട്ബോളിന്റെ പ്രചാരവും അടിസ്ഥാന സൗകര്യ വികസനവും. ഏഷ്യയിലെ ഒന്നാം നമ്പർ ടീമാവുക എന്നതാണ് 2030ൽ പൂർത്തിയാവുന്ന രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. 2050ൽ പദ്ധതി മൂന്നാം ഘട്ടം പൂർത്തിയാവുമ്പോൾ  ലോക ഫുട്ബോളിലെ സൂപ്പർ ശക്തിയാവുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കടലാസിൽ ഒതുങ്ങുന്നതല്ല, മാർഗരേഖ. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള കാര്യങ്ങളും ഇതിൽ വ്യക്തമാക്കുന്നു.

കളിയും കളിത്തട്ടും കളിക്കാരും

ചൈനയുടെ ഏറ്റവും വലിയസമ്പത്താണ് ജനസംഖ്യ. ഈ കരുത്ത് ഫുട്ബോളിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് ആദ്യകടമ്പ. തുടക്കം സ്കൂൾ കുട്ടികളിൽ നിന്ന്. സ്കൂളുകളിലെ പ്രധാനകായിക വിനോദം ഫുട്ബോളായിരിക്കും. 2020 ആകുമ്പോഴേക്കും മൂന്ന് കോടി സ്കൂൾ കുട്ടികളും രണ്ട് കോടി യുവാക്കളും പദ്ധതിയുടെ ഭാഗമായി പരിശീലനത്തിന്റെ ഭാഗമാവും. ഇവർക്കായി നാലു വർഷത്തിനിടെ നിർമിക്കുക ഇരുപതിനായിരം ഫുട്ബോൾ അക്കാഡമികളും ഏഴുപതിനായിരും സ്റ്റേഡിയങ്ങളും. പതിനായിരം പരിശീലകരെയും വാർത്തെടുക്കും. 2020  ഡിസംബർ 31നകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നാണ് മാർഗരേഖ നിർദേശം.

ഏഷ്യ പിടിക്കാൻ

ഒളിംപിക്സിൽ കൈവരിച്ച അസൂയാവഹമായ നേട്ടം ഫുട്ബോളിലും ആവർത്തിക്കാമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇത് മുന്നിൽ കണ്ടാണ് ഒരുക്കങ്ങളെല്ലാം. അയൽക്കാരായ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും മുന്നേറ്റവും  ചൈനയ്ക്ക് ആവേശം പകരുന്നു. ഫിഫ റാങ്കിംഗിൽ എൺപത്തിയൊന്നാം സ്ഥാനത്താണ് ചൈന. ഏഷ്യൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തും. ലോകകപ്പിൽ കളിച്ചത് ഒറ്റത്തവണ, 2002ൽ. ഒറ്റഗോൾ പോലും നേടാനാവാതെ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് മടങ്ങി. 2004 ഏഷ്യൻ കപ്പിലെ ഫൈനൽ കളിച്ചതിൽ ഒതുങ്ങുന്നു വൻകരയിലെ നേട്ടം. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൗണ്ടിലും തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്.  2030ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാവുക. ഇതിന് മുൻപ് ഏഷ്യയിലെ ഒന്നാം നന്പർ ടീമാവുക എന്നതാണ് ലക്ഷ്യം.

പദ്ധതിയിൽ പ്രാദേശിക ഭരണകൂടത്തിന് നിർണായക പങ്കാണുള്ളത്. ഓരോ പ്രദേശിക ഭരണകൂടവും അധികാര പരിധിയിൽ ചുരുങ്ങിയത് രണ്ട് സമ്പൂർണ സ്റ്റേഡിയം നിർമിച്ചിരിക്കണം. നഗരങ്ങളിലെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ അഞ്ച് പേരടങ്ങിയ ടീമുകൾക്ക് കളിക്കാവുന്ന കളിത്തട്ടുകൾ നിർമിക്കണമെന്നും നിർബന്ധം. സ്കൂളുകളിലും അക്കാഡമികളിലും ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഫുട്ബോൾ വിപണി

കളിത്തട്ടിൽ മാത്രമല്ല, ഇക്കാലയളവിൽ തന്നെ സ്പോർട്സ് ഉൽപന്ന നിർമാണ വിപണിയിലും ചൈന മുന്നേറ്റം പ്രതീക്ഷിക്കുന്നു. നൈക്കിക്കും അഡിഡാസിനും ഒപ്പം നിൽക്കുന്ന ലോകോത്തര ബ്രാൻഡ് വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. നിലവിൽ ചൈനയിലുള്ള ലി നിംഗ് പോലുള്ള കമ്പനികൾക്ക് ഇത് അസാധ്യമല്ലെന്നാണ് വിലയിരുത്തൽ. പതിനഞ്ച് വർഷത്തിനകം ലി നിംഗ് നൈക്കിക്കൊപ്പം എത്തുമെന്ന് പ്രവചിക്കുന്നവർ കുറവല്ല. ഇതോടൊപ്പം രാജ്യാന്തര സ്പോർട്സ് കാംപസുകളുടെ വികസനവും ഉന്നംവയ്ക്കുന്നു.

ഫുട്ബോൾ നയതന്ത്രം

ഫുട്ബോളിലൂടെ വിവിധ രാജ്യങ്ങളുമായി നയതന്ത്ര-വാണിജ്യ ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാണ്. 2007ൽ കോസ്റ്റാറിക്കയിൽ ചൈന നിർമിച്ച സ്റ്റേഡിയം ഇതിന് ഉദാഹരണം. ചൈനയുടെ പ്രതിയോഗിയായ തായ്‍വാനായിരുന്നു കോസ്റ്റാറിക്കയിലെ നിർമാണ പ്രവർത്തനങ്ങളിൽ പ്രധാനമായും സഹകരിച്ചിരുന്നത്. തായ്‍വാനെ ഒഴിവാക്കി ചൈന കരാറുകൾ സ്വന്തമാക്കി. കോസ്റ്റാറിക്കൻ തലസ്ഥാന നഗരിയായ സാൻ ജോസിൽ 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ചൈനയുടെ ഖജനാവിലേക്ക് എത്തിയത് 100 ദശലക്ഷം ഡോളർ. ഇതിലൂടെയുള്ള തൊഴിലവസരങ്ങൾ വേറെ. 2010ൽ ആഫ്രിക്കൻ നേഷൻസ് കപ്പിന് ആതിഥേയരാവാൻ അംഗോളയെ സഹായിച്ചത് ചൈന. ഇപ്പോൾ ചൈനയ്ക്ക് എണ്ണനൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സുമായി അംഗോള. മറ്റ് രാജ്യങ്ങളുമായും ഇതേരീതിയിലുള്ള ബന്ധം ചൈന കണ്ണുവയ്ക്കുന്നു.

സൂപ്പറാവുന്ന സൂപ്പർ ലീഗ്

2004ൽ തുടക്കമിട്ട ചൈനീസ് സൂപ്പർ ലീഗിന്റെ വളർച്ചയും പ്രചാരവുമാണ് പുതിയ പദ്ധതികളുടെ ആധാരം. 12 ടീമുകളുമായി തുടങ്ങിയ ലീഗ് വൻ വിജയമാണ്. ആരാധകർ ആർത്തിരമ്പിയപ്പോൾ ടീമുകളുടെ എണ്ണം പതിനാറാക്കി ഉയർത്തി. ഈ സീസണിൽ ക്ലബുകൾ താരങ്ങളെ സ്വന്തമാക്കാനായി മുടക്കിയ തുക ആരെയും ഞെട്ടിക്കുന്നതാണ്,  300 ദശലക്ഷം ഡോളർ. ലോകത്തിലെ ഏറ്റവും ജനപ്രിയ പോരാട്ട വേദിയായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുടക്കിയതിനേക്കാളും വലിയ തുക. റോബീഞ്ഞോ, പൗളീഞ്ഞോ, റെനാറ്റോ അഗസ്റ്റോ, എസേക്വിൽ ലാവേസി, അലക്സ് ‍ടെയ്ക്സേരിയ, ജാക്സിൻ മാർട്ടിനസ് തുടങ്ങിയ ലാറ്റിനമേരിക്കൻ താരങ്ങൾ ചൈനീസ് സൂപ്പർ ലീഗിന്റെ ഭാഗമായിക്കഴിഞ്ഞു. ലൂയി ഫിലിപ് സ്കൊളാരി, സ്വൻ ഗോരാൻ എറിക്സൻ തുടങ്ങിയ ലോകോത്തര പരിശീലകരും ലീഗിന് സ്വന്തം. രാജ്യത്തെ കോടീശ്വരൻമാരെ ആകർഷിച്ചാണ് ചൈന സൂപ്പർ ലീഗ് സൂപ്പറാക്കുന്നത്. മാത്രമല്ല, ചൈനീസ് കോടീശ്വരൻമാർ യൂറോപ്യൻ ക്ലബുകളിലും മുതൽ മുടക്കാൻ തുടങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ 13 ശതമാനം ഓഹരി ചൈനീസ് മുതലാളിമാരുടെ കൈകളിലാണ്. അത്‍ലറ്റിക്കോ മാഡ്രിഡും എസ്പാനിയോളും ഫ്രാൻസിലെ ക്ലബുകളിലും ഓഹരി സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ ചൈനീസ് കോടീശ്വരൻമാർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി