വിന്‍ഡീസിന്റെ തോല്‍വിയിലും സിക്സര്‍ കിംഗായി ക്രിസ് ഗെയ്‌ല്‍; ലോക റെക്കോര്‍ഡ്

By Web TeamFirst Published Feb 21, 2019, 12:50 PM IST
Highlights

444 മത്സരങ്ങളില്‍ നിന്ന് 477 സിക്സറുകളാണ് ഇപ്പോള്‍ ഗെയ്‌ലിന്റെ പേരിലുള്ളത്. 524 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദി 475 സിക്സറുകള്‍ പറത്തിയത്.

കെന്‍സിംഗ്ടണ്‍ ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ അടിച്ചിട്ടും വിന്‍ഡീസിന് തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും സെഞ്ചുറിയുമായി തിളങ്ങിയ ക്രിസ് ഗെയ്‌ല്‍ പുതിയ ലോക റെക്കോര്‍ഡിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. 476 സിക്സറുകള്‍ നേടിയിട്ടുള്ള മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറികടന്നത്.

Chris Gayle 😍 pic.twitter.com/m3HbEUQ2QQ

— Ethan Monks (@Ethan_monks10)

444 മത്സരങ്ങളില്‍ നിന്ന് 477 സിക്സറുകളാണ് ഇപ്പോള്‍ ഗെയ്‌ലിന്റെ പേരിലുള്ളത്. 524 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദി 475 സിക്സറുകള്‍ പറത്തിയത്. ഏകദിനങ്ങളില്‍ 276 ഉം ടി20യില്‍ 103 ഉം ടെസ്റ്റില്‍ 98 ഉം സിക്സറുകളുമാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 398 സിക്സറുകള്‍ നേടിയിട്ടുള്ള ബ്രെണ്ടന്‍ മക്കല്ലമാണ് പട്ടികയില്‍ മൂന്നാമത്. സനത് ജയസൂര്യ(352), രോഹിത് ശര്‍മ(349) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.

Truly the Universe Boss, 💪 pic.twitter.com/WlSfAeSug4

— Rooter - Live Sports App (@RooterSports)

മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 39കാരനായ ഗെയ്ല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗെയ്ല്‍ വിന്‍ഡീസിനുവേണ്ടി അവസാനമായി കളിച്ചത്. ലോകകപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഗെയ്‌ലിനെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരെ 129 പന്തില്‍ 135 റണ്‍സടിച്ച ഗെയ്‌ല്‍ 12 സിക്സറുകളാണ് പറത്തിയത്. ഗെയ്‌ലിന്റെ സെഞ്ചുറി മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സടിച്ചെങ്കിലും ജേസണ്‍ റോയ്((85 പന്തില്‍123), ജോ റൂട്ട്(97 പന്തില്‍ 102) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ട് 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

click me!