
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടല്‍ വിവാദത്തില്‍ പ്രതികരണവുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. ക്രിക്കറ്റിനെ മോശമാക്കും വിധത്തിലുള്ള തെറ്റാണ് സംഭവിച്ചതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നുവെന്നും വാര്‍ണര്‍ ട്വീറ്റ് ചെയ്തു.
വാര്‍ണറുടെ കുറിപ്പ് വായിക്കാം
ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട്, സിഡ്നിയിലേക്കുള്ള മടക്കയാത്രിയിലാണ് ഞാന്‍. ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയ തെറ്റുകള്‍ ചെയ്തുപോയി. എന്റെ കുറ്റത്തിന് മാപ്പ്. ഞാനതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നു. എന്റെ പ്രവൃത്തി കായികമേഖലയെയും ആരാധകരേയും വിഷമത്തിലാക്കിയെന്ന് തിരിച്ചറിയുന്നു. നമ്മളെല്ലാം സ്നേഹിക്കുന്ന, ചെറുപ്പം മുതലേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ആ കളിയില്‍ വീണ കറയാണത്. എനിക്കൊരു ദീര്‍ഘശ്വാസം എടുക്കണം. പിന്നെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കുറച്ചുസമയം ചെലവഴിക്കണം. ചെറിയൊരു ഇടവേള വേണമെനിക്ക്. ബാക്കിയുള്ള കാര്യങ്ങള്‍ വൈകാതെ പറയാം.
അതിനിടെ, പന്തുചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കളത്തിലെ വീഴ്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ രംഗത്തെത്തി. പന്തു ചുരണ്ടല്‍, കളിക്കാര്‍ തമ്മിലുള്ള വാക്പോര്, അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം എന്നീ നടപടികള്‍ക്കുള്ള ശിക്ഷ കൂട്ടുന്ന കാര്യമാണ് പരിഗണിക്കുന്നത്. കളിക്കാരുമായി ആലോചിച്ച് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കത്തയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!