മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്‍ദിക്ക് - ചെന്നൈ ട്രേഡ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെയെല്ലാം നിരസിക്കുമ്പോഴും സാധ്യതകളുടെ വാതില്‍ തുറന്നുതന്നെ കിടക്കുകയാണ്
ഒരു കൂടിക്കാഴ്ച. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ചെപ്പോക്കിലെ ചെന്നൈ സൂപ്പര്‍ കിങ്സ് - മുംബൈ ഇന്ത്യൻസ് മാര്‍ക്യു പോരാട്ടത്തിന് ശേഷമാണ് അത് സംഭവിക്കുന്നത്. ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥനും മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യയും തമ്മിലായിരുന്നു, ഒരു ദീര്‍ഘസംഭാഷണം. മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ട്രേഡിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം ആ നിമിഷത്തെ കണ്ടത്. അത് ശരിയായ നിരീക്ഷണമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം. മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്‍ദിക്ക് - ചെന്നൈ ട്രേഡ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെയെല്ലാം നിരസിക്കുമ്പോഴും സാധ്യതകളുടെ വാതില്‍ തുറന്നുതന്നെ കിടക്കുകയാണ്.
ഹാര്‍ദിക്ക് ചെന്നൈയിലേക്ക് കൂടുമാറാൻ കഴിയുമോ, അതിന് എത്ര താരങ്ങളെ പകരം കൊടുക്കേണ്ടി വരും ചെന്നൈ.
ഒരു താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായുള്ള ചുറ്റുപാട് ഒരുക്കുന്നത് ചെന്നൈ ആണെന്ന് ഒരിക്കല്‍ ഹാര്‍ദിക്ക് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുംബൈയുടെ സമീപനങ്ങളെ അല്‍പ്പം ഇകഴ്ത്തിയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ ഈ പ്രസ്താവന ഹാര്‍ദിക്ക് നടത്തിയത് പോലും. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസത്തിനോടുള്ള സൗഹൃദവും ആദരവുമെല്ലാം ഹാര്‍ദിക്കിന് പ്രിയപ്പെട്ട ഒരിടമാണ് ചെന്നൈയുടെ ഡ്രെസിങ് റൂമെന്ന് തെളിയിക്കുന്നതാണ്. പക്ഷേ, അവിടേക്ക് എത്തുക എളുപ്പമല്ല.
പുറത്തുവന്ന സൂചനകള്‍ പ്രകാരം ശിവം ദുബെ - ആയുഷ് മാത്രെ, അല്ലെങ്കില്‍ ശിവം ദുബെ-ഖലീല്‍ അഹമ്മദ് ദ്വയത്തെയാണ് മുംബൈ ഹാര്‍ദിക്കിന് പകരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മൂന്ന് താരങ്ങളുമാകട്ടെ ചെന്നൈയുടെ ഭാവിയെത്തന്നെ നിര്‍ണയിക്കാൻ കെല്‍പ്പുള്ളവരും. അതിന് ചെന്നൈ വഴങ്ങുമോയെന്നതാണ് ഒരു ചോദ്യം. ഹാര്‍ദിക്കിനായി മുംബൈ ഇത്തരമൊരു കടുത്ത ഡീലിനൊരുങ്ങുന്നതിന് പിന്നിലും ന്യായീകരിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
2023, നവംബര്‍ 27. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിത്തന്ന രോഹിത് ശര്‍മയെ പൊടുന്നനെ നായകസ്ഥാനത്തുനിന്ന് നീക്കി ഹാര്‍ദിക്കിനെ കേന്ദ്ര ബിന്ധുവാക്കി മുംബൈ ഭാവി പ്രൊജക്റ്റിന് തുടക്കമിട്ട ദിവസം. സൂര്യകുമാര്‍ യാദവും ജസ്പ്രിത് ബുമ്രയുമൊക്കെ നില്‍ക്കുമ്പോഴായിരുന്നു ഗുജറാത്തില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ തിരികെയെത്തിക്കുന്നത്. പക്ഷേ, മാനേജ്മെന്റ് സ്വപ്നം കണ്ട ആ വലിയ പ്രൊജക്റ്റ് ഒരിക്കലും ശരിയായ ദിശയില്‍ സഞ്ചരിക്കുന്നതായി തോന്നിയിട്ടില്ല.
ഹാര്‍ദിക്കിന് കീഴില്‍ രോഹിത് മുംബൈക്ക് നേടിക്കൊടുത്ത ലെഗസിയെല്ലാം പൂര്‍ണമായും തന്നെ നഷ്ടപ്പെടുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഗുജറാത്തിനായി രണ്ട് സീസണില്‍ ഒരു കിരീടവും, ഒരു റണ്ണേഴ്സ് അപ്പ് ഷീല്‍ഡും വാങ്ങിക്കൊടുത്ത നായകനാണ് ഹാര്‍ദിക്ക്. മുംബൈയെ മൂന്ന് സീസണില്‍ നയിച്ചപ്പോള്‍ 24 തോല്‍വിയാണ് വഴങ്ങിയത്, 15 ജയവും. 2024ല്‍ പത്താം സ്ഥാനത്തും 26ല്‍ ഒൻപതാം സ്ഥാനത്തും, 25ല്‍ പ്ലേ ഓഫും. മുംബൈയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം രണ്ട് സീസണുകളാണ് ഹാര്‍ദിക്ക് സമ്മാനിച്ചത്.
2024 മാറ്റി നിര്‍ത്താം, 26ല്‍ ടൂര്‍ണമെന്റിലെ തന്നെ ബെസ്റ്റ് സ്കാഡായിരുന്നു മുൻ ചാമ്പ്യന്മാരുടേത്. അന്തിമ ഇലവൻ മാത്രമല്ല, ബെഞ്ച് സ്ട്രെങ്തുകൊണ്ട് പോലും ഒരു ടി20 നിരയെ പടുത്തുയര്‍ത്താനുള്ള കെല്‍പ്പ് മുംബൈക്കുണ്ടായിരുന്നു. പക്ഷേ, ഹാര്‍ദിക്കിന് കീഴില്‍ ഒത്തൊരുമയില്ലാതെ കളിക്കുന്ന ഒരു സംഘമായി മുംബൈ മാറുകയായിരുന്നു. മൈതാനത്ത് വെച്ചു തന്നെ സഹതാരങ്ങളുമായി ഹാര്‍ദിക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു, അനിഷ്ടങ്ങള്‍ അമര്‍ഷത്തോടെ പ്രകടിപ്പിച്ചു, ഹാര്‍ദിക്കിന്റെ കീഴില്‍ മുന്നോട്ട് പോക്ക് എളുപ്പമല്ല എന്ന സന്ദേശമായിരുന്നു സീസണിലുടനീളം ആരാധകര്‍ക്ക് ലഭിച്ചത്. പല മത്സരങ്ങളില്‍ നിന്നും ഹാര്‍ദിക്ക് പരിക്ക് ചൂണ്ടിക്കാണിച്ച് വിട്ടുനിന്നിരുന്നു. എന്തിന് ഉടമകള്‍പ്പോലും മടുത്ത് മൈതാനം വിടുന്ന കാഴ്ചയുണ്ടായി.
ഹാര്‍ദിക്കിനെ മുംബൈയിലേക്ക് മാനേജ്മെന്റ് എത്തിച്ചത് ട്രേഡിനപ്പുറം ഭീമമായ തുക നല്‍കിയാണെന്ന സൂചനകളും അന്നുണ്ടായിരുന്നു. എല്ലാ വശങ്ങള്‍ പരിശോധിച്ചാലും പ്രൊജക്റ്റ് ഹാര്‍ദിക്ക് മുംബൈക്ക് നഷ്ടങ്ങളുടേതായിരുന്നു. ആ നഷ്ടം നികത്താൻ പൂര്‍ണമായും കഴിയാതെ ഒരു ട്രേഡിന് മാനേജ്മെന്റ് മുതിര്‍ന്നേക്കില്ല. കഴിഞ്ഞ സീസണിലെ മുംബൈയുടെ പ്രകടനങ്ങള്‍ സംബന്ധിച്ചുള്ള അവലോകനം കഴിഞ്ഞിട്ടില്ല എന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്. ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍. തലമുറമാറ്റത്തിന്റെ തുടര്‍ച്ച എന്തായാലും മുംബൈ ക്യാമ്പില്‍ സംഭവിച്ചേക്കും, തിലക് വര്‍മയായിരിക്കും ഒരുപക്ഷേ നായകസ്ഥാനത്തേക്ക് ഇനിയെത്തുക.
തിലക് ആകട്ടെ രോഹിത് ശര്‍മയുടേയും സൂര്യകുമാര്‍ യാദവിന്റേയും ബുമ്രയുടേയുമെല്ലാം ഇഷ്ടതാരവുമാണ്. ഹാര്‍ദിക്കിനെ സംബന്ധിച്ച് നായകസ്ഥാനമില്ലാതെ മറ്റൊരു ടീമിലേക്ക് എത്തുകയും എന്നത് വലിയ വിട്ടുവീഴ്ചയായേക്കും. ചെന്നൈയില്‍ ധോണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള യാത്ര റുതുരാജ് ഗെയ്ക്വാദില്‍ എത്തിനിന്നിട്ട് രണ്ട് സീസണെ ആകുന്നുള്ളു, സഞ്ജു സാംസണ്‍ അടുത്ത അവകാശിയെന്നപോലെ അവിടെയുണ്ട് താനും. ഹാര്‍ദിക്കിനെ പൊടുന്നനെ എത്തിച്ച് നായകസ്ഥാനം നല്‍കുക എന്നത് എളുപ്പമായിരിക്കില്ല മാനേജ്മെന്റിന്. പ്രത്യേകിച്ചും ഗുജറാത്തിനൊപ്പമുള്ള സീസണുകള്‍ മാറ്റി നിര്‍ത്തിയാല്‍ നായകമികവില്‍ ഹാര്‍ദിക്ക് പിന്നോട്ടായ പശ്ചാത്തലത്തിലും.


