വിരമിക്കാനുള്ള തീരുമാനം എന്റേത് മാത്രം: നെഹ്റ

By Web DeskFirst Published Oct 12, 2017, 5:08 PM IST
Highlights

ദില്ലി: ആശിഷ് നെഹ്‌റ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹി ഫിറോസ്‌ഷാ കോട്‌ല ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തോടെ താന്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുമെന്ന് 38കാരനായ നെഹ്‌റ വ്യക്തമാക്കി. തീരുമാനം തന്റേത് മാത്രമാണെന്ന് ഇതിന് പിന്നില്‍ മറ്റ് സമ്മര്‍ദ്ദങ്ങളില്ലെന്നും നെഹ്‌റ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇതാണ് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ വിരമിക്കാനുള്ള തീരുമാനം ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെയും ക്യാപ്റ്റന്‍ വിരാട് കോലിയെയും അറിയിച്ചിരുന്നു.

ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ബൂമ്രയും മികച്ച രീതിയില്‍ ന്യൂബോള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ ഇതാണ് ശരിയായ സമയമെന്ന് ഞാനവരോട് പറഞ്ഞു. ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമോ എന്ന ചോദ്യത്തിന് ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും ഐപിഎല്ലില്‍ കളിക്കില്ലെന്നും നെഹ്‌റ പറഞ്ഞു.

1999ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച നെഹ്‌റ 18 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. പരിക്ക് എന്നും വില്ലനായ കരിയറില്‍ 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വന്റി-20 മത്സരങ്ങളും മാത്രമാണ് നെഹ്‌റ കളിച്ചത്. പരിക്കിനെത്തുടര്‍ന്ന് 10 വര്‍ഷം മുമ്പെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ടെസ്റ്റില്‍ 44 ഉം ഏകദിനത്തില്‍ 157 ഉം ട്വന്റി-20യില്‍ 34 ഉം വിക്കറ്റുകളാണ് നെഹ്റയുടെ സമ്പാദ്യം.

2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും നെഹ്റ അംഗമായിരുന്നു. എന്നാല്‍ വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശ്രീലങ്കയ്ക്കെതിരായ ഫൈനല്‍ കളിക്കാനായില്ല. നേരത്തെ രണ്ടു വര്‍ഷം കൂടി രാജ്യാന്ത്ര ക്രിക്കറ്റില്‍ തുടരുമെന്ന് നെഹ്റ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.

click me!