അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്സില്‍

By Web deskFirst Published Jun 2, 2018, 5:25 PM IST
Highlights
  • യുവസംഘത്തെ ബ്ലാസ്റ്റേഴ്സ് അണിയിച്ചൊരുക്കുന്നു
  • കീരീടം നേടുക ലക്ഷ്യം

കൊച്ചി: അണ്ടര്‍ 17 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഗോള്‍കീപ്പര്‍ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നു. കഴിഞ്ഞ സീസണില്‍ ധീരജ് ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തിയിരുന്നെങ്കിലും യൂറോപ്പിലേക്ക് പോകുന്നതിനായുള്ള മുന്നൊരുക്കങ്ങളാണെന്നായിരുന്നു വിശദീകരണം. അണ്ടര്‍ 17 ലോകകപ്പ് കഴിഞ്ഞതോടെ യൂറോപ്പിലെ പല ക്ലബ്ബുകളും ധീരജിനെ നോട്ടമിട്ടിരുന്നു.

സ്കോട്ടിഷ് ടീമായ മദര്‍വെല്‍ എഫ്സി ധീരജിനായി രംഗത്തുണ്ടായിരുന്നെങ്കിലും വര്‍ക്ക് പെര്‍മിറ്റ് വിസ ലഭിക്കാതെ പോയതാണ് പ്രശ്നമായത്. അതിന് ശേഷം ഇംഗ്ലീഷ് ക്ലബ് ബോണിമൗത്ത് എഫ്സിയോടൊപ്പം പരിശീലനം നടത്താനും മണിപ്പൂര്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ ഡേവിഡ് ജയിംസ് പരിശീലകനായി എത്തിയ ശേഷമാണ് ധീരജ് ബ്ലാസ്റ്റേഴ്സിന്‍റെ ഒപ്പം ചേര്‍ന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ക്ലബ്ബുമായി പരിശീലനം നടത്താനുള്ള അവസരവും ഇതോടെയാണ് കെെവന്നത്.

കേരള ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ധീരജ് പ്രതികരിച്ചു. യുകെയിലേക്ക് പോകുന്നതിന് മുമ്പ് മഞ്ഞപ്പടയോടൊപ്പം പരിശീലനം നടത്താന്‍ അവസരം ലഭിച്ചിരുന്നു. ഡേവിഡ് ജയിംസിന്‍റെ കീഴില്‍ രാജ്യത്തെ ഏറ്റവും മികച്ച ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ധീരജ് ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നത് ഏറെ ആഹ്ലാദകരമാണെന്ന് ഡേവിഡ് ജയിംസ് പറഞ്ഞു.

പ്രതിഭയും കഴിവുമുള്ള താരം ടീമിന് മുതല്‍ക്കൂട്ടാണ്. ധീരജ് ബോണിമൗത്തില്‍ പരിശീലനം നടത്തുന്ന സമയത്ത് അവിടുത്തെ ഗോള്‍കീപ്പിംഗ് പരിശീലകരുമായി താന്‍ സംസാരിച്ചിരുന്നു. മികച്ച പരിശീലനം ധീരജിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം ധീരജ് നടത്തുമെന്നും അടുത്തു തന്നെ ദേശീയ ടീമില്‍ അവന് കളിക്കാനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു. യുവത്വമുള്ള സംഘത്തെയാണ് അടുത്ത സീസണായി ഒരുക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റും വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുവതാരങ്ങളായ ലോകെന്‍ മീതേയെയും കെ. പ്രശാന്തിനെയും പരിശീലനത്തിനായി ബ്ലാസ്റ്റേഴ്സ് ഫിന്‍ലന്‍ഡിലേക്ക് അയച്ചിരുന്നു. 

click me!