Latest Videos

വിരാട് കോലിയുടെ നോമിനി തന്നെ ടീം ഇന്ത്യയുടെ പുതിയ കോച്ചാകും ?

By Web DeskFirst Published Jun 22, 2017, 11:36 AM IST
Highlights

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ. 3 ടെസ്റ്റും 5 ഏകദിനവും ഒരു ട്വന്റി ട്വന്റി മത്സരവും അടങ്ങുന്ന ശ്രീലങ്കന്‍ പര്യടനവുമാവും പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി. തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീമിന് പോവേണ്ടതുണ്ട്.

ഇതിനിടെ പരിശീലക പദവിയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. അനില്‍ കുംബ്ലൈയുമായി ഒത്തുപോകാനാവില്ലെന്ന നിലപാടെടുത്ത വിരാട് കോലി വീരേന്ദ‌ര്‍ സെവാഗിനെ ടീമിന്റെ മുഖ്യ പരിശീലകനാക്കണമെന്ന് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സെവാഗിനേക്കാള്‍ കോലിക്ക് താല്‍പര്യം ടീമിന്റെ മുന്‍ഡയറക്ടര്‍ കൂടിയായിരുന്ന രവി ശാസ്‌ത്രിയോടാണ്. രവി ശാസ്‌ത്രിക്ക് കൂടി അപേക്ഷ അയക്കാനുള്ള സൗകര്യമൊരുക്കാനാണ് ബിസിസിഐ പുതിയ അപേക്ഷ ക്ഷണിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോലിയുടെ പിന്തുണയോടെ ശാസ്‌ത്രി പരിശീലകനാവാനുള്ള സാധ്യ ഏറെയാണ്. എന്നാല്‍ ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലിയുമായുള്ള ഭിന്നത ശാസ്‌ത്രിക്ക് തിരിച്ചടിയാണ്.

പരിശീലക സ്ഥാനത്തേക്ക് ഇപ്പോള്‍ ലഭിച്ച അപേക്ഷകളില്‍ ബിസിസിഐക്ക് തൃപ്തിയില്ലെന്നും സൂചനയുണ്ട്. സെവാഗ് പരിശീലകനാകുന്നത് ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് വാദമുണ്ടെങ്കിലും പരിശീലകനായി കാര്യമായ നേട്ടങ്ങളില്ലാത്തത് സെവാഗിന് തിരിച്ചടിയാവുന്നത്. കളിക്കാരനായിരുന്നപ്പോള്‍ ടീം മീറ്റിംഗുകളില്‍ പോലും സെവാഗ് ഗൗരവമായി പങ്കെടുത്തിരുന്നില്ല.ചാമ്പ്യന്‍സ് ട്രോഫി സമയത്ത് കമന്റേറ്ററായി ഇംഗ്ലണ്ടിലുണ്ടായിരുന്ന സെവാഗ് കോലി അടക്കമ്മുള്ള മുതിര്‍ന്ന താരങ്ങളുമായി സംസാരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സെവാഗ് കഴിഞ്ഞാല്‍ പിന്നീട് സാധ്യത ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡിയ്‌ക്കാണ്. മിതഭാഷിയായ ടോം മൂഡി  വലിയ താരങ്ങള്‍ ഇല്ലാതിരുന്ന സണ്‍റൈസേഴ്‌സിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കി ശ്രദ്ധ നേടിയിരുന്നു. കോച്ചിനെ തിരഞ്ഞെടുക്കുന്ന ഉപദേശക സമിതിയിലെ അംഗം വിവിഎസ് ലക്ഷ്മണുമായുള്ള അടുപ്പവും മൂഡിക്ക് ഗുണം ചെയ്തേക്കും.

click me!