പിറന്നാള്‍ ദിനത്തില്‍ ഇഷാന്തിന് നാണക്കേട്; അപൂര്‍വ നേട്ടവുമായി സാം കറന്‍

By Web TeamFirst Published Sep 3, 2018, 1:07 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒരിക്കല്‍കൂടി പടിക്കല്‍ കലമുടച്ചപ്പോള്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ടെസ്റ്റ് പരമ്പരയില്‍ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി നാലു തവണ നാല്‍പതോ അതിന് മുകളിലോ റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാനെന്ന അപൂര്‍വറെക്കോര്‍ഡാണ് കറന്‍ സ്വന്തം പേരിലെഴുതിയത്.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒരിക്കല്‍കൂടി പടിക്കല്‍ കലമുടച്ചപ്പോള്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍. ടെസ്റ്റ് പരമ്പരയില്‍ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി നാലു തവണ നാല്‍പതോ അതിന് മുകളിലോ റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാനെന്ന അപൂര്‍വറെക്കോര്‍ഡാണ് കറന്‍ സ്വന്തം പേരിലെഴുതിയത്.

മുമ്പ് എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലും ഇറങ്ങി ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളൊക്ക് 40ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. സാം കറന് അപൂര്‍ നേട്ടം സ്വന്തമായപ്പോള്‍ ഇന്ത്യയുടെ വാലറ്റക്കാരന്‍ ഇഷാന്തിന് നാണക്കേടിന്റെ റെക്കോര്‍ഡാണ് പേരിലായത്. പിറന്നാള്‍ ദിനത്തില്‍ ക്രീസിലിറങ്ങിയ ഇഷാന്ത് പൂജ്യനായി പുറത്തായി. ടെസ്റ്റില്‍ പിറന്നാള്‍ ദിനത്തില്‍ പൂജ്യനാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് ഇഷാന്ത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ വിരാട് കോലി ഒരു ടെസ്റ്റ് പരമ്പരയില്‍ ഇത് നാലാം തവണയാണ് അഞ്ഞൂറോ അതിന് മുകളിലോ റണ്‍സ് കണ്ടെത്തുന്നത്. ആറ് തവണ 500ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള സുനില്‍ ഗവാസ്കറാണ് ഈ നേട്ടത്തില്‍ ഇനി കോലിക്ക് മുന്നില്‍. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലി ഈ നേട്ടം അതിവേഗം കൈവരിക്കുന്ന ബാറ്റ്സ്മാനുമായി. ക്യാപ്റ്റനെന്ന നിലയില്‍ 71 ടെസ്റ്റില്‍ 4000 പിന്നിട്ട ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

ഈ ടെസ്റ്റ് പരമ്പരയില്‍ 544 റണ്‍സാണ് കോലിയുടെ ഇതുവരെയുള്ള സമ്പാദ്യം. ഏഷ്യക്ക് പുറത്ത് ഒറു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ നായകനാണ് കോലി. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 496 റണ്‍സടിച്ച രാഹുല്‍ ദ്രാവിഡിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

ഈ മത്സരത്തില്‍ ഇരുടീമുകളിലുമായി 14 ബാറ്റ്സ്മാന്‍മാരാണ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ എല്‍ബിഡബ്ല്യു ആയി പുറത്താവുന്ന റെക്കോര്‍ഡിനൊപ്പമാണിത്.

click me!