സതാംപ്ടണ്‍ ടെസറ്റ്: ഇനി പ്രതീക്ഷ രഹാനെ- പന്ത് സഖ്യത്തില്‍

By Web TeamFirst Published Sep 2, 2018, 8:50 PM IST
Highlights
  • ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിവസം 55 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 140 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (47), ഋഷഭ് പന്ത് (11) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (17), കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5), വിരാട് കോലി (58), ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായത്.

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. 245 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിവസം 55 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 140 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (47), ഋഷഭ് പന്ത് (11) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (17), കെ.എല്‍. രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (5), വിരാട് കോലി (58), ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായത്.

വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടമായി. അപ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. എ്ന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന് കോലിയും രഹാനെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. സൂക്ഷ്മതയോടെ ബാറ്റേന്തിയ ഇരുവരും അഞ്ചാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോലിയെ മടക്കി അയച്ച് മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. നാല് ഫോര്‍ ഉള്‍പ്പെടെയാണ് കോലി 58 റണ്‍സെടുത്തത്. പിന്നാലെ എത്തിയ പാണ്ഡ്യക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. സ്റ്റോക്‌സിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി.

അഞ്ച് വിക്കറ്റുകള്‍ മാത്രം കൈയ്യിലിരിക്കെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് പോകുന്നത്. രഹാനെ - പന്ത് കൂട്ടുക്കെട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. അശ്വിന്‍ മാത്രമാണ് ഇനി ബാറ്റിങ്ങിന് ഇറങ്ങാനുള്ളതില്‍ വിശ്വസിക്കാവുന്ന താരം. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും സ്റ്റുവര്‍ട്ട് ബ്രോഡ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് എല്ലാവരും പുറത്തായി. എട്ടിന് 260 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മടങ്ങി. പിന്നാലെ 46 റണ്‍സെടുത്ത സാം കുറാന്‍ റണ്ണൗട്ടായി. മുഹമ്മദ് ഷമിക്ക് നാല് വിക്കറ്റുണ്ട്. ഇശാന്ത് ശര്‍മ രണ്ടും ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

69 റണ്‍സെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് (48), ബെന്‍ സ്റ്റോക്സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്.

 

click me!