അശ്വിനെച്ചൊല്ലി ഇന്ത്യന്‍ ടീമില്‍ ഭിന്നത; കോച്ചും കളിക്കാരും രണ്ടുതട്ടില്‍

By Web TeamFirst Published Sep 8, 2018, 11:55 AM IST
Highlights

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ആര്‍ അശ്വിന്റെ പ്രകടനത്തെച്ചൊല്ലി ഇന്ത്യന്‍ ടീമില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. നാലാം ടെസ്റ്റിലെ തോല്‍വിക്ക് കാരണം അശ്വിന്റെ മോശം ബൗളിംഗാണെന്ന രീതിയില്‍ കോച്ച് രവി ശാസ്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചപ്പോള്‍ അശ്വിന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ പ്രതികരിച്ചു.

കെന്‍സിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ആര്‍ അശ്വിന്റെ പ്രകടനത്തെച്ചൊല്ലി ഇന്ത്യന്‍ ടീമില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. നാലാം ടെസ്റ്റിലെ തോല്‍വിക്ക് കാരണം അശ്വിന്റെ മോശം ബൗളിംഗാണെന്ന രീതിയില്‍ കോച്ച് രവി ശാസ്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചപ്പോള്‍ അശ്വിന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ പ്രതികരിച്ചു.

സതാംപ്ടണില്‍ നടന്ന നാലാം ടെസ്റ്റില്‍ സ്പിന്നിന് അനുകൂല സാഹചര്യമായിട്ടും അശ്വിന് തിളങ്ങാനായിരുന്നില്ല. അതേസമയം, ഇംഗ്ലണ്ട് ടീമിലെ മോയിന്‍ അലി ഇന്ത്യയെ തകര്‍ക്കുകയും ചെയ്തു. പിച്ചില്‍ നിന്നുള്ള ആനുകൂല്യം മുതലെടുക്കുന്നതില്‍ അശ്വിന്‍ പരാജയപ്പെട്ടുവെന്ന് നാലാം ടെസ്റ്റിനുശേഷം രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന്‍ മനോഹരമായാണ് പന്തെറിഞ്ഞതും ഫീല്‍ഡ് ചെയ്തതുമെന്ന് അഞ്ചാം ടെസ്റ്റിന് മുമ്പ് രഹാനെ പറഞ്ഞത്. സതാംപ്ടണ്‍ ടെസ്റ്റിലെ മോശം പ്രകടനത്തിനുശേഷം അശ്വിനെ പിന്തുണച്ച് ചേതേശ്വര്‍ പൂജാരയും രംഗത്തെത്തിയിരുന്നു.

നാലാം ടെസ്റ്റിലെ പരിക്ക് അലട്ടിയിരുന്ന അശ്വിന്‍ അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നില്ല. രവീന്ദ്ര ജഡേജയാണ് അഞ്ചാം ടെസ്റ്റില്‍ അശ്വിന് പകരം ടീമിലെത്തിയത്. അശ്വിന്റെ പേരില്‍ കോച്ചും കളിക്കാരും രണ്ടുതട്ടില്‍ തന്നെയാണെന്നാണ് പ്രസ്താവനകളില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍ അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

click me!