പോഗ്ബയുടെ ഇരട്ട പ്രഹരത്തില്‍ വിജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍

By Web TeamFirst Published Feb 9, 2019, 10:37 PM IST
Highlights

ആദ്യ പകുതിയില്‍ നിറം മങ്ങിയ റൊമേലു ലുക്കാക്കു രണ്ടാം പകുതിയില്‍ ടീമിനായി പെനല്‍റ്റി നേടിക്കൊടുത്ത് കടം വീട്ടി. പോഗ്ബ തന്നെ പെനല്‍റ്റി ഗോളാക്കി മാറ്റി മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇടക്കാല പരിശീലകന്‍ ഒലെ സോള്‍ഷ്യറിന് കീഴില്‍ വിജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ മാഞ്ചസ്റ്റര്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിനാലാം മിനിട്ടില്‍ ആന്റണി മാര്‍ഷ്യലിന്റെ പാസില്‍ പോള്‍ പോഗ്ബയുടെ ഉജ്ജ്വല ഗോളിലൂടെ മുന്നിലെത്തിയ മാഞ്ചസ്റ്റര്‍ ഒമ്പത് മിനിട്ടിനുശേഷം മാര്‍ഷ്യലിന്റെ ഗോളിലൂടെ ലീഡ് ഉയര്‍ത്തി.

ആദ്യ പകുതിയില്‍ നിറം മങ്ങിയ റൊമേലു ലുക്കാക്കു രണ്ടാം പകുതിയില്‍ ടീമിനായി പെനല്‍റ്റി നേടിക്കൊടുത്ത് കടം വീട്ടി. പോഗ്ബ തന്നെ പെനല്‍റ്റി ഗോളാക്കി മാറ്റി മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. മൗറീഞ്ഞോ പരിശീലക സ്ഥാനം ഒഴിഞ്ഞശേഷം സോള്‍ഷ്യറിന്റെ കീഴില്‍ കഴിഞ്ഞ 11 മത്സരങ്ങളില്‍ യുനൈറ്റഡിന്റെ പത്താം ജയമാണിത്.

തോല്‍വിയോടെ ഫുള്‍ഹാം പോയന്റ് പട്ടികയില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ പത്തൊമ്പതാം സ്ഥാനത്താണ്. 26 കളികളില്‍ 65 പോയന്റുള്ള ലിവര്‍പൂള്‍ ആണ് പോയന്റ് പട്ടികയില്‍ തലപ്പത്ത്. 62 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 57 പോയന്റുള്ള ടോട്ടനം മൂന്നാതും നില്‍ക്കുമ്പോള്‍ 51 പോയന്റുമായാണ് മാഞ്ചസ്റ്റര്‍ നാലാം സ്ഥാനത്തെത്തിയത്.

click me!