
ദില്ലി: കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനുള്ള ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാം നന്പറിലെത്തിച്ച പ്രകടനമാണ് കോലിയെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഇന്ത്യയുടെ സൂപ്പര്‍നായകൻ വിരാട് കോലിക്ക് ലോകക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനുള്ള പുരസ്കാരം.
കോലിക്ക് കീഴിൽ തോൽവി അറിയാതെയാണ് ടീം ഇന്ത്യ കഴിഞ്ഞ വര്‍ഷം ക്രീസ് വിട്ടത്. കളിച്ച 12 ടെസ്റ്റിൽ 9 എണ്ണത്തിലും ജയം. മൂന്ന് മത്സരം സമനിലയിലായി.
സമനിലയിലേക്ക് നീങ്ങുമായിരുന്ന പല കളികളും ഇന്ത്യൻ വരുതിയിലായത് കോലിയുടെ ധീരമായ തീരുമാനങ്ങളായിരുന്നു, ക്യാപ്റ്റന്‍റെ അധിക ചുമതല ഒരിക്കൽ പോലും അലട്ടാതിരുന്ന കോലി ബാറ്റിംഗിലും വിസ്മയങ്ങൾ തീര്‍ത്തു.
യിൻ മോര്ഗൻ,മിസ്ബ ഉൾഹഖ് , ഡുപ്ലസി, കെയിൻ വില്ല്യംസൻ എന്നിവരെ പിന്തള്ളിയാണ് കോലി മികച്ച ക്യാപറ്റനായി തെരഞ്ഞെടുക്കപ്പെട്ടത്
ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്സിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സിനാണ്.ആറാമനായി ഇറങ്ങി ദക്ഷിണാഫ്രിക്കക്കെതിരെ 258 റണ്‍സടിച്ച പ്രകടനമാണ് സ്റ്റോക്സിനെ അവാര്‍ഡിനര്‍ഹനാക്കിയത്. അതേ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 6 വിക്കറ്റ് പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനാണ് മികച്ച് ടെസ്റ്റ് ബോളിംഗ് പ്രകടനത്തിനുള്ള അവാര്‍ഡ്.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെ ഓസ്ട്രേലിയക്കെതിരായ 178 റണ്‍സ് പ്രകടനം മികച്ച ഏകദിന ഇന്നിംഗ്സായപ്പോൾ ബൗളിംഗ് പ്രകടനത്തിനുള്ള അവാര്‍ഡ് സുനിൽ നരെയ്ൻ എറിഞ്ഞിട്ടു.
വെസ്റ്റ് ഇൻഡീസിനെ കിരീടത്തിലേക്ക് നയിച്ച കാര്‍ലോസ് ബ്രാത്ത്‍വൈറ്റിന്‍റെ അവസാന ഓവറിലെ പ്രകടനമാണ് മികച്ച ട്വന്റി 20 ഇന്നിംഗ്സ്. ബംഗ്ലാദേശിന്‍റെ യുവ പേസര്‍ മുസ്തഫിസുര്‍ റഹ്മാൻ ഈ വിഭാഗത്തിലെ ബൗളര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
ബംഗ്ലാദേശിന്‍റെ തന്നെ മെഹദി ഹസ്സനാണ് മികച്ച പുതുമുഖതാരം. അസോസിയേറ്റ് ബാറ്റ്സ്മാനും ബൗളര്‍ക്കുമുള്ള അവാര്‍ഡുകൾ അഫ്ഗാൻ താരങ്ങളായ മുഹമ്മദ് ഷെഹസാദും,മുഹമ്മദ് നബിയും സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!