യൂറോ കപ്പ്: ഇഞ്ചുറി ടൈം ഗോളില്‍ ഇംഗ്ലണ്ടിനെ സമനലിയില്‍ പൂട്ടി റഷ്യ

By Web DeskFirst Published Jun 12, 2016, 1:26 AM IST
Highlights

പാരീസ്: യൂറോകപ്പ് ഫുട്ബോളില്‍ ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍  ഇംഗ്ലണ്ടിനെ റഷ്യ സമനിലയില്‍ കുരുക്കി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. യൂറോ ചരിത്രത്തില്‍ ആദ്യമായി ജയത്തോടെ തുടങ്ങാമെന്ന് കരുതിയ ഇംഗ്ലണ്ടുകാരുടെ ജീവനെടുത്തു 92-ാം മിനിറ്റില്‍ ബെറെസറ്റ്സ്കിയുടെ തകര്‍പ്പന്‍ ഹെഡര്‍. ജയത്തിനും ഫൈനല്‍ വിസിലിനും ഇടയില്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ ബെറെസറ്റ്സ്കിയുടെ ഫിനിഷില്‍ റഷ്യന്‍ വിപ്ലവം.

73-ാം മിനിറ്റില്‍ എറിക് ഡയര്‍ നേടിയ ഫ്രീകിക്ക് ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് ജയത്തിലേക്കെന്ന് തോന്നിച്ചപ്പോഴാണ് ഇഞ്ചുറി ടൈമിലെ ഗോള്‍ വില്ലനായത്. അവസരങ്ങളുടെ പറുദീസ തീര്‍ത്ത ഇംഗ്ലണ്ടിന് ദൗര്‍ഭാഗ്യത്തേയും പഴിക്കാം. തുടക്കംമുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം. മൂന്നാം മിനിറ്റില്‍ ഡേവിഡ്‌ ലല്ലാനയുടെ ഷോട്ട്‌ ക്രോസ്‌ബാറിനു മുകളിലൂടെ പറന്നതോടെയാണ്‌ ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയത്‌. എട്ടാം മിനിറ്റിലും 22-ാം മിനിറ്റിലും ലല്ലാന ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. 28-ാം മിനിറ്റില്‍ ലല്ലാനയുടെ പാസ്‌ കെയ്‌ന്‍ റഷ്യന്‍ വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. അവസരങ്ങളുടെ പെരുമഴയ്ക്കൊടുവില്‍ ആദ്യപകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരി‌ഞ്ഞു.

70-ാം മിനിറ്റില്‍ വെയ്‌ന്‍ റൂണിയുടെ ഒരു തകര്‍പ്പന്‍ വോളി റഷ്യന്‍ ഗോളി അക്കിന്‍ഫീവ്‌ കഷ്ടപ്പെട്ട് തട്ടിയകറ്റി‌. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് കാത്തിരുന്ന ഗോളെത്തി. എറിക്‌ ഡയറിന്റെ തകര്‍പ്പന്‍ ഫ്രീകിക്കാണ്‌ ഇംഗ്ലണ്ടിന്‌ ലീഡ്‌ നല്‍കിയത്‌. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ റോയ്‌ ഹഡ്‌സണ്‍ സൂപ്പര്‍ താരം വെയ്‌ന്‍ റൂണിയെ പിന്‍വലിച്ചു. ലീഡ്‌ ഉയത്താനുള്ള ഇംഗ്ലണ്ട് ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന്റെ നെഞ്ചില്‍ തീ കോരിയിട്ട്‌ റഷ്യ തിരിച്ചടിച്ചു.

മറ്റ് മത്സരങ്ങളില്‍ വെയ്‍ല്‍സ് ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലോവാക്യയെ തോല്‍പ്പിച്ചപ്പോള്‍. അല്‍ബേനിയക്കെതിരെ എതിരില്ലാത്ത ഒരുഗോളിനായിരുന്നു സ്വിറ്റ്‍സര്‍ലന്‍ഡിന്റെ ജയം.

click me!