ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കടത്തിവെട്ടാന്‍ പുതിയ തന്ത്രവുമായി ലാ ലിഗ

By Web TeamFirst Published Aug 15, 2018, 3:21 PM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് ഇന്ത്യയിലുള്ള ആരാധക പിന്തുണ മറികടക്കാന്‍ പുതിയ തന്ത്രവുമായി സ്പാനിഷ് ലീഗായ ലാ ലിഗ. സ്പാനിഷ് ലീഗിലെ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലെ ആരാധകര്‍ക്ക് ഫേസ്‌ബുക്കിലൂടെ ലൈവായി കാണാം.

മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് ഇന്ത്യയിലുള്ള ആരാധക പിന്തുണ മറികടക്കാന്‍ പുതിയ തന്ത്രവുമായി സ്പാനിഷ് ലീഗായ ലാ ലിഗ. സ്പാനിഷ് ലീഗിലെ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലെ ആരാധകര്‍ക്ക് ഫേസ്‌ബുക്കിലൂടെ ലൈവായി കാണാം. 2018-2019 ലീഗ് സീസണിലെ 380 മത്സരങ്ങളാണ് ഫേസ്ബുക്കിലൂടെ ലൈവ് സട്രീം ചെയ്യുക.

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ ആരാധകര്‍ക്കും സ്പാനിഷ് ലീഗ് ഫേസ്‌ബുക്കിലൂടെ കാണാനാവും. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ഫേസ്‌ബുക്കുമായി ലാ ലിഗ അധികൃതര്‍ ധാരണയിലെത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആരാധകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ലീഗ് മത്സരങ്ങള്‍ ഫേസ്‌ബുക്കിലൂടെ സംപ്രേഷണം ചെയ്യുന്നതെന്ന് ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബസ് പറഞ്ഞു.

ഫേസ്‌ബുക്കിലൂടെ മത്സരങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നതോടെ പ്രേക്കഷരുടെ എണ്ണത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ മറികടക്കാന്‍ ലാ ലിഗക്കാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, ഫേസ്‌ബുക്കുമായുള്ള സംപ്രേഷണ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ലാ ലിഗ അധികൃതര്‍ തയാറായിട്ടില്ലെങ്കഗിലും 105.5 മില്യണ്‍ ഡോളറിന്റെ സംപ്രേഷണ കരാറാണിതെന്ന് സ്പാനിഷ് പത്രം മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യാനുള്ള കരാര്‍ ആമസോണ്‍ സ്വന്തമാക്കിയിരുന്നു. 2019-2020 സീസണിലെ 20 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ആമസോണ്‍ സംപ്രേഷണം ചെയ്യുക.

ഇന്ത്യയിലെ ടെലിവിഷന്‍ ആരാധകരെ ലക്ഷ്യമിട്ട് ഇപ്പോള്‍ തന്നെ സ്പാനിഷ് ലീഗിലെ പല മത്സരങ്ങളും നട്ടുച്ചയ്ക്ക് പോലും നടത്തുന്നുണ്ട്. സാധാരണ സ്പാനിഷ് ലീഗിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ പാതിരാത്രിയാവും സംപ്രേഷണം ചെയ്യുക. ഇത് പ്രേക്ഷകരുടെ എണ്ണം കുറക്കുന്നുവെന്ന തിരിച്ചറിവാണ് ഫേസ്‌ബുക്കുമായി ധാരണയിലെത്താന്‍ ലാ ലിഗ അധികൃതരെ പ്രേരിപ്പിച്ചത്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ആളുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് ആണെന്നതിനാല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുച്ചാട്ടം നടത്താന്‍ ലാ ലിഗക്കാവും.

click me!