
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുലിനെ വീണ്ടും ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ആരാധകര്‍. ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കുകയും രാഹുലിനെ തിരിച്ചുവിളിക്കുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടിയാണ് ആരാധകരുടെ രോഷത്തിന് കാരണമായത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി പരാജയപ്പെട്ട രാഹുല്‍ ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ ടീമില്‍ തിരിച്ചെത്താമെന്ന് അറിയിച്ച സെലക്ടര്‍മാര്‍ രാഹുലിനെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയതോടെ രാഹുലിനെ സെലക്ടര്‍മാര്‍ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ മൂന്നാം ഓപ്പണറായി രാഹുലിന്റെ പേരും പരിഗണനയിലാണ്. എന്നാല്‍ സമീപകാലത്തായി ഫിനിഷര്‍ എന്ന നിലയില്‍ മികവു കാട്ടുന്ന കാര്‍ത്തിക്കിനെ തഴഞ്ഞ് രാഹുലിനെ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചിട്ടില്ല.