
ടോക്കിയോ: ജപ്പാനീസ് ക്ലബ് വിസൽ കോബെയിലേക്കാണ് വിരമിച്ച സ്പാനീഷ് സൂപ്പര്‍ താരം ഇനിയേസ്റ്റ പോയത്. ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സൂപ്പര്‍ താരം പരിക്കേറ്റ് ബെഞ്ചിലായി. ഞായറാഴ്ച നടക്കുന്ന എഫ്.സി ടോക്കിയോയുമായുള്ള മത്സരത്തില്‍ താരം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇനിയേസ്റ്റയെ കാണാൻ തടിച്ചു കൂടുന്ന തങ്ങളുടെ ആരാധകരെ ആശ്വസിപ്പിക്കാൻ അതിഥേയരായ എഫ്സി ടോക്കിയോ കണ്ടെത്തിയ മാര്‍ഗ്ഗം വന്‍ ചിരിയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നത്.
അൻപതിനായിരം പേർക്കിരിക്കാവുന്ന എഫ്സി ടോക്കിയോയുടെ സ്റ്റേഡിയത്തിലെ സീറ്റുകൾ മൂന്നു വർഷത്തിനിടെ ആദ്യമായാണ് വിറ്റഴിഞ്ഞു. ഇനിയേസ്റ്റക്കു പുറമേ മറ്റൊരു ലോകകപ്പ് ജേതാവായ ലൂകാസ് പൊഡോൾസ്കിയും വിസൽ കോബെയിലുണ്ട്. എതിർ ടീമിലാണെങ്കിലും ഇരുവരും ഒരുമിച്ചുള്ള മത്സരം കാണാൻ വേണ്ടിയാണ് ടോക്കിയോ ക്ലബിന്‍റെ ആരാധകർ കൂട്ടത്തോടെ ടിക്കറ്റുകൾ സ്വന്തമാക്കിയത്.
എന്നാൽ ഇനിയേസ്റ്റ പരിക്കേറ്റു പുറത്തായതോടെ കുടുക്കിലായ എഫ്സി ടോക്കിയോ താരത്തിന്റെ അപരനെ ഗ്രൗണ്ടിലെത്തിച്ച് കാണികളെ ഒരു പരിധി വരെ സന്തോഷിപ്പിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ്. ഇഎസ്പിഎന്നാണ് രസകരമായ ഈ വാർത്ത പുറത്തു വിട്ടത്. ജപ്പാനീസ് ലീഗിൽ രണ്ടു മത്സരങ്ങൾ ഇതു വരെ കളിച്ച ഇനിയേസ്റ്റയുടെ തുടക്കം തോൽവിയോടെയായിരുന്നു. ഇനിയേസ്റ്റ പകരക്കാരനായി ഇറങ്ങിയ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിസൽ കോബെ പരാജയപ്പെട്ടത്.
അതിനു ശേഷം താരം ആദ്യ ഇലവനിൽ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തിൽ ഒരു ഗോളിന് ടീം വിജയം നേടുകയും ചെയ്തിരുന്നു. നിലവിൽ ജപ്പാനീസ് ലീഗിൽ ആറാം സ്ഥാനത്താണ് വിസൽ കോബെ. ജപ്പാനീസ് ലീഗ് മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും ടീമിനൊപ്പം കിരീടം നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് കഴിഞ്ഞ മത്സരശേഷം ഇനിയേസ്റ്റ അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!