അരങ്ങേറ്റം സെഞ്ചുറിയോടെ, പടിയിറക്കവും; ആ ലിസ്റ്റില്‍ കുക്ക് മാത്രമല്ല

By Web TeamFirst Published Sep 10, 2018, 7:21 PM IST
Highlights
  • ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെ താരമായി ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്. ഇതിന് മുന്‍പ് റെഗ്ഗീ ഡഫ്, ബില്‍ പോന്‍സ്‌ഫോര്‍ഡ്, ഗ്രേഗ് ചാപ്പല്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ മാത്രമാണ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 161ാം ടെസ്റ്റാണ് കുക്ക് കളിക്കുന്നത്.

ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെ താരമായി ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക്. ഇതിന് മുന്‍പ് റെഗ്ഗീ ഡഫ്, ബില്‍ പോന്‍സ്‌ഫോര്‍ഡ്, ഗ്രേഗ് ചാപ്പല്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ മാത്രമാണ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ മൂന്ന് പേരും ഓസ്ട്രേലിന്‍ താരങ്ങള്‍. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാന്‍. ഇംഗ്ലീഷ് താരമായി  അലിസ്റ്റര്‍ കുക്കും.  161ാം ടെസ്റ്റാണ് കുക്ക് കളിക്കുന്നത്. 


റെഗ്ഗി ഡഫ്- ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കായി 1902 മുതല്‍ 1905 വരെ കളിച്ച താരമാണ് റെഗ്ഗി ഡഫെന്ന റെഗിനാള്‍ഡ് അലക്‌സാണ്ടര്‍ ഡഫ്. 22 ടെസ്റ്റുകള്‍ ഓസീസിനായി കളിച്ചു. ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തന്നെ സെഞ്ചുറി നേടി. പത്താമനായി ഇറങ്ങി ഡഫ് 104 റണ്‍സ് നേടി. അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടി. ഒന്നാം ഇന്നിങ്‌സില്‍ 146 റണ്‍സാണ് താരം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഡഫ് ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. 

ബില്‍ പോന്‍സ്‌ഫോര്‍ഡ് - ഓസ്‌ട്രേലിയ

1924 മുതല്‍ 34 വരെ പത്ത് വര്‍ഷക്കാലം പോന്‍സ്‌ഫോര്‍ഡ് ഓസ്‌ട്രേലിയക്കായി കളിച്ചു. 29 ടെസ്റ്റില്‍ പാഡ് കെട്ടി. 1924ല്‍ ഇംഗ്ലണ്ടിനെതിരേ സിഡ്‌നി ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങി സെഞ്ചുറി നേടി. 110 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ലണ്ടനിലായിരുന്നു പോന്‍സ്‌ഫോര്‍ഡിന്റെ അവസാന ടെസ്റ്റ്. അന്ന് ഇംഗ്ലണ്ടിനെതിരേ നേടിയത് 266 റണ്‍സ്. അതേ ഇന്നിങ്‌സില്‍ ഡോണ്‍ ബ്രാഡ്മാന്‍ 244 റണ്‍സ് നേടിയിരുന്നു.


ഗ്രേഗ് ചാപ്പല്‍ - ഓസ്‌ട്രേലിയ 

മുന്‍ ഇന്ത്യന്‍ കോച്ചുകൂടിയായിരുന്ന ഗ്രേഗ് ചാപ്പല്‍ ഓസ്‌ട്രേലിയക്കായി 87 ടെസ്റ്റുകള്‍ കളിച്ചു. 1970 ഡിസംബര്‍ 11ന് ഇംഗ്ലണ്ടിനെതിരേയായിരുന്നു അരങ്ങേറ്റം. ഏഴാമനായി ക്രീസിലെത്തിയ ചാപ്പല്‍ 108 റണ്‍സ് നേടി പുറത്തായി. 1984 ജനുവരി രണ്ടിന് പാക്കിസ്ഥാനെതിരേ അവസാന ടെസ്റ്റിനിറങ്ങി. ആദ്യ ഇന്നിങ്‌സില്‍ നേടിയത് 182 റണ്‍സ്. പിന്നാലെ ദേശീയ കുപ്പായമഴിച്ചു. 

മുഹമ്മദ് അസറുദ്ദീന്‍ - ഇന്ത്യ

അരങ്ങേറ്റം 1984 ഡിസംബര്‍ 31ന് കോല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരേ. അഞ്ചാമനായി അസര്‍ ക്രീസിലെത്തി. 322 പന്ത് നേരിട്ട ഹൈദരാബാദുകാന്‍ അടിച്ചെടുത്തത് 110 റണ്‍സ്. 2000ല്‍ അസര്‍ തന്റെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്റെ അവസാന ടെസ്റ്റിനിറങ്ങി. ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ നെടുംതൂണായി നിന്ന അസര്‍ നേടിയത് 102 റണ്‍സ്. പിന്നീടൊരു ടെസ്റ്റില്‍ അസര്‍ ഇന്ത്യക്കായി പാഡ് കെട്ടിയിട്ടില്ല. 

അലിസ്റ്റര്‍ കുക്ക് - ഇംഗ്ലണ്ട് 

2006ല്‍ ഇന്ത്യക്കെതിരേ നാഗ്പൂരിലായിരുന്നു അലിസ്റ്റര്‍ കുക്കിന്റെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സ് താരം മോശമാക്കിയില്ല. ഓപ്പണറായി ഇറങ്ങിയ താരം നേടിയത് 60 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലായിരുന്നു കുക്കിന്റെ സെഞ്ചുറി. 243 പന്ത് നേരിട്ട് 21കാരന്‍ 104 റണ്‍സ് നേടി. കെന്നിങ്ടണ്‍ ഓവലിലെ അവസാന ടെസ്റ്റിലും കുക്ക് താരമായി. ആദ്യ ഇന്നിങ്‌സില്‍ 71 റണ്‍സ് നേടി കു്ക്ക് രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

click me!