വിനീഷ്യസ് മുതല്‍ തതാല്‍ വരെ; ആരായിരിക്കും അണ്ടര്‍ 17 ലോകകപ്പിന്‍റെ താരം

By Web DeskFirst Published Sep 25, 2017, 7:50 PM IST
Highlights

ഇന്ത്യ ആതിഥേയമരുളുന്ന  കൗമാര ലോകകപ്പില്‍ പന്തുതട്ടുനെത്തുന്നത് വരുംകാല ഇതിഹാസങ്ങള്‍. മെസിയും നെയ്മറും റൊണാള്‍ഡിഞ്ഞോയും വരവറിയിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇക്കുറിയും വിലപിടിപ്പുള്ള താരങ്ങളേറെയുണ്ട്. ലോകകപ്പിന്‍റെ താരമാകാന്‍ മല്‍സരിക്കുന്ന കളിക്കാര്‍ ആരൊക്കെയെന്ന് പരിചയപ്പെടാം. 

1. വിനീഷ്യസ് ജൂനിയര്‍ (ബ്രസീല്‍)

ഫുട്ബോളിന്‍റെ മക്കയായ ബ്രസീലിന്‍റെ അടുത്ത നെയ്‌മര്‍. വിനീഷ്യസ് ജൂനിയറിന് 18 തികയാന്‍ കാത്തിരിക്കുന്നു സ്‌പാനീഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്. 45 മില്ല്യണ്‍ യൂറോ നല്‍കിയാണ് റയല്‍ ബ്രസീലിന്‍റെ വണ്ടര്‍ ബോയിയെ കഴിഞ്ഞ വര്‍ഷം ടീമിലെത്തിച്ചത്. വേഗവും കൗശലവും കൊണ്ട് ലോകകപ്പിന്‍റെ താരമാകാന്‍ കാത്തിരിക്കുന്നവരില്‍ പ്രധാനി വിനീഷ്യസ് ജൂനിയറാണ്.

2.അമിനെ ഗവോറി (ഫ്രാന്‍സ്)


ഫ്രഞ്ച് ഭീമനായ ഒളിംപിക് ലിയോണിന്‍റെ അത്ഭത ബാലന്‍‍‍. ഈ വര്‍ഷാദ്യം നടന്ന യുറോ അണ്ടര്‍ 17നിലെ ഗോളടിയന്ത്രമായിരുന്നു മുന്നേറ്റ താരമായ ഗവോറി. ഗവോറിയെ അടുത്ത ഗ്രീസ്മാന്‍ എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു ഫുട്ബോള്‍ വിദഗ്‌ദര്‍. ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ പ്രതീക്ഷകള്‍ 17കാരനായ അമിനെ ഗവോറിയിലാണ്.

3.അബേല്‍ റൂയിസ് (സ്പെ‌യിന്‍)


അണ്ടര്‍ 17 യുറോപ്യന്‍ കിരീടം നേടിയ സ്പെ‌യിന്‍ ടീമിന്‍റെ നായകന്‍. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസ്യയുടെ ഉല്‍പന്നം. 15-ാം വയസില്‍ സ്പെ‌യിനിന്‍റെ അണ്ടര്‍ 17 ടീമിലെത്തി ഞെട്ടിച്ചു. അണ്ടര്‍ 17 യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകളും മൂന്ന് അസിസ്‌റ്റുകളും സ്വന്തമാക്കി സില്‍വര്‍ പാദുകം നേടി. അണ്ടര്‍ 17 യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 16 ഗോളുകളുമായി റെക്കോര്‍ഡ് സ്വന്തമാക്കി.

4. ജോഷ് സര്‍ജന്‍റ് ( അമേരിക്ക)


ഈ വര്‍ഷം രണ്ടാം ലോകകപ്പ് കളിക്കുന്ന അമേരിക്കന്‍ പ്രതിഭ. അണ്ടര്‍ 20 ലോകകപ്പില്‍ ബൂട്ടണിഞ്ഞ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച 17 കാരന്‍. അണ്ടര്‍ 20 ലോകകപ്പില്‍ ആകെ നേടിയത് നാല് ഗോളുകള്‍. അണ്ടര്‍ 17  ടീമിനായി 30 മല്‍സരങ്ങളില്‍ 18 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 20 ലോകകപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഈ ലോകകപ്പിന്‍റെ താരമാകും സര്‍ജന്‍റ്.

5. കൊമാല്‍ തതാല്‍ (ഇന്ത്യ)


ബ്രസീലിനെതിരെ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം. ആതിഥേയ രാജ്യമായ ഇന്ത്യ ഒളിപ്പിച്ചുവച്ചിരിക്കുന്ന മാന്ത്രികനായ കളിക്കാരന്‍. ബ്രിക്‌സ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിലായിരുന്നു കാനറികള്‍ക്കെതിരായ ഗോള്‍ പിറന്നത്. മുന്നേറ്റ നിരയില്‍ എത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം. തുന്നല്‍ക്കാരായ മാതാപിതാക്കളുടെ മകനാണ് ആസാമില്‍ നിന്നുള്ള കൊമാല്‍ തതാല്‍.
 

click me!