ഇല്ല...കിംഗ് കോലിക്ക് ഈ അഞ്ച് റെക്കോര്‍ഡുകള്‍ എളുപ്പം തകര്‍ക്കാനാവില്ല

By Web TeamFirst Published Oct 25, 2018, 8:59 PM IST
Highlights

ഏകദിനത്തില്‍ സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡുകള്‍ പോലും വകഞ്ഞുമാറ്റി മുന്നേറുന്ന കോലിക്ക് എളുപ്പം മറികടക്കാനാവാത്ത ചില നാഴിക‌ക്കല്ലുകളുണ്ട്. ഈ അഞ്ച് റെക്കോര്‍ഡുകളും അതിമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് മാത്രം തകര്‍ക്കാന്‍ സാധിക്കുന്നവയാണ്...

വിശാഖപട്ടണം: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതുന്ന റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലിക്ക് മുന്നില്‍ വഴിമാറുന്നത്. ഏകദിനത്തില്‍ അതിവേഗം പതിനായിരം ക്ലബില്‍ എത്തുന്ന താരമെന്ന റെക്കോര്‍ഡാണ് സച്ചിനില്‍ നിന്ന് കോലി ഒടുവിലായി തട്ടിയെടുത്തത്. എന്നാല്‍ ക്രിക്കറ്റ് വിദഗ്ധര്‍ എകദിന 'ഗോട്ട്' എന്നും കിംഗ് കോലിയെന്നും വിളിക്കുമ്പോഴും കോലിക്ക് തകര്‍ക്കാന്‍ എളുപ്പം കഴിയാത്ത ചില റെക്കോര്‍ഡുകളുണ്ട്.

1. രോഹിത് ശര്‍മ്മയുടെ മൂന്ന് ഏകദിന ഡബിള്‍ സെഞ്ചുറികള്‍

ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ ഉയര്‍ന്ന സ്‌കോറുകള്‍ 264, 209, 208 എന്നിങ്ങനെയാണ്. മൂന്നും ഡബിള്‍ സെഞ്ചുറികള്‍. എന്നാല്‍ 37 സെഞ്ചുറി പിന്നിട്ട കോലിയുടെ മൂന്ന് ഉയര്‍ന്ന സ്‌കോറുകള്‍ 183, 160, 157 മാത്രമാണ്. രോഹിത് ഓപ്പണറും ബിഗ് ഹിറ്ററും ആണെന്നുള്ളത് ബാറ്റിംഗ് ഓഡറില്‍ മൂന്നാമനായ കോലിക്ക് ഈ റെക്കോര്‍ഡ് മറികടക്കുക എളുപ്പമാകില്ല എന്ന് കാട്ടുന്നു.

2. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്‌ക്കാണ്. 2014ല്‍ ലങ്കയ്ക്കെതിരെ 173 പന്തില്‍ 33 ഫോറും ഒമ്പത് സിക്‌സും സഹിതമാണ് രോഹിത് 264 റണ്‍സ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഉയര്‍ന്ന സ്‌കോര്‍ എന്ന് കരുതുന്ന 250+ ഏകദിനത്തില്‍ നേടുക കോലിക്ക് മാത്രമല്ല, മറ്റ് താരങ്ങള്‍ക്കെല്ലാം പ്രയാസമായിരിക്കും. 

3. ഏകദിനത്തിലെ അതിവേഗ ഏകദിന സെഞ്ചുറി

ഏകദിനത്തിലെ അതിവേഗ സെഞ്ചുറി മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്‍റെ പേരിലാണ്. വിന്‍ഡീസിനെതിരെ 39-ാം ഓവറില്‍ ബാറ്റിംഗിനിറങ്ങിയ എബിഡി വെറും 31 പന്തില്‍ സെഞ്ചുറി തികച്ചു. ആകെ 44 പന്തില്‍ 16 സിക്‌സും ഒമ്പത് ഫോറുമായി അടിച്ചെടുത്തത് 149 റണ്‍സ്. എന്നാല്‍ കോലിക്ക് തന്‍റെ അതിവേഗ ഏകദിന സെഞ്ചുറിക്ക് 52 പന്തുകള്‍ വേണ്ടിവന്നിട്ടുണ്ട്. മിസ്‌റ്റര്‍ 360യോളം വരുമോ ഈ വേഗതയില്‍ കോലി എന്ന ചോദ്യമുയരുക സ്വാഭാവികം.

4. കൂടുതല്‍ ഏകദിന അര്‍ദ്ധ സെഞ്ചുറികള്‍

നിലവിലെ റണ്‍വേട്ട തുടര്‍ന്നാല്‍ സച്ചിന്‍റെ(49) എകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് കോലി(37) മറികടക്കും എന്നാണ് അനുമാനം. എന്നാല്‍ കോലി സെഞ്ചുറി അടിച്ചുകൂട്ടുമ്പോഴും അര്‍ദ്ധ സെഞ്ചുറികളുടെ കാര്യത്തില്‍ സച്ചിനെ മറികടക്കുക എളുപ്പമാകില്ല. സച്ചിന്‍ 96 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ കോലിക്ക് 48 എണ്ണമാണുള്ളത്. എന്നാല്‍ കോലി ഈ പോക്ക് പോയാല്‍...!!!

5. ഒരു മത്സരത്തില്‍ കൂടുതല്‍ സിക്‌സുകള്‍

ബാറ്റിംഗ് വെടിക്കെട്ടിന് പേരുകേട്ട ക്രിസ് ഗെയിലും എ ബി ഡിവില്ലിയേഴ്‌സും രോഹിത് ശര്‍മ്മയും ഒരു ഏകദിനത്തില്‍ 16 സിക്‌സുകള്‍ വീതം അടിച്ചിട്ടുണ്ട്. രോഹിത് ഓസ്‌ട്രേലിയക്കെതിരെ 209 റണ്‍സിന്‍റെ ഇന്നിംഗ്‌സിലും എബിഡി വിന്‍ഡീസിനെതിരെ 149 അടിച്ചപ്പോഴുമായിരുന്നു ഈ നേട്ടത്തിലെത്തിയത്. ഗെയില്‍ സിംബാ‌ബ്‌വെയോട് 215 റണ്‍സ് സ്വന്തമാക്കിയപ്പോഴാണ് 16 പന്തുകള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നത്. മൂവരുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഹിറ്ററല്ലാത്ത കോലിക്ക് ഈ റെക്കോര്‍ഡും മറികടക്കുക എളുപ്പമല്ല. 

click me!