സെഞ്ചുറികള്‍ മാത്രമല്ല സച്ചിനെ ആവേശംകൊള്ളിക്കുന്നത്; ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി

By Web DeskFirst Published Oct 1, 2016, 4:27 AM IST
Highlights

കൊല്‍ക്കത്ത: ഗ്രൗണ്ടില്‍ നേടുന്ന സെഞ്ചുറികള്‍ മാത്രമല്ല സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആവേശംകൊള്ളിക്കുന്ന കാര്യമെന്ന് സൗരവ് ഗാംഗുലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യാ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നടന്ന ടോക് ഷോയിലാണ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടി അടുത്ത ദിവസം സച്ചിനെ നോക്കിയാല്‍ നമ്മള്‍ കാണുക ഏതെങ്കിലും ഷോപ്പിംഗ് മാളിലായിരിക്കും. ക്രിക്കറ്റ് കഴിഞ്ഞാല്‍ സച്ചിന്റെ പ്രധാന വിനോദമാണ് ഷോപ്പിംഗ്. ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സച്ചിന് മികച്ച ബ്രാന്‍ഡിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നും ഗാംഗുലി വെളിപ്പെടുത്തി.

ലക്ഷ്മണ്‍ എല്ലായിടത്തും വൈകി വരുന്ന ആളാണെന്നായിരുന്നു ഗാംഗുലിയുടെ മറ്റൊരു വെളിപ്പടുത്തല്‍. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഉള്ള ആള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ആറാം നമ്പറില്‍ ഇറങ്ങേണ്ട ലക്ഷ്മണ്‍ ചിലപ്പോള്‍ കുളിച്ചുകൊണ്ടിരിക്കുകയാവും. ടീം ബസില്‍ ഏറ്റവും അവസാനം കയറുന്ന ആളും വേറാരുമല്ല, ലക്ഷ്മണ്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ക്യാപ്റ്റനാണ് ഗാംഗുലിയെന്ന് ഷോയില്‍ പങ്കെടുത്ത കുംബ്ലെയും സെവാഗുമെല്ലാം അഭിപ്രായപ്പെട്ടപ്പോള്‍ തന്റെ നേതൃത്വത്തിലിറങ്ങിയ ടീം സുവര്‍ണ തലമുറ ആയിരുന്നുവെന്നായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.

ബാറ്റിംഗിനെക്കുറിച്ചുള്ള ആളുകളുടെ മനോഭാവം തന്നെ മാറ്റിയത് സെവാഗിനെയും ഹെയ്ഡനെയും പോലുള്ള കളിക്കാരാണ്. ഏത് പിച്ചിലും വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളറായിരുന്നു കുംബ്ലെയെന്നും ഗാംഗുലി പറഞ്ഞു. തന്റെ കാലഘട്ടത്തില്‍ ടീമിന്റെ  മനോഭാവം ശരിയായ ദിശയിലായിരുന്നില്ലെന്ന് കപില്‍ പറഞ്ഞു. ഗവാസ്കര്‍ യുഗത്തിനുശേഷം നമ്മള്‍ മുന്നോട്ടു നീങ്ങിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ബിസിസിഐയുടെ കൈയില്‍ മതിയായ വിഭവങ്ങളും ഇല്ലായിരുന്നു.

ബംഗാളികള്‍ പൊതുവെ കലാകാരന്‍മാരാണെന്ന് പറയാറുണ്ട്. എന്നാല്‍ ഗാംഗുലി ക്യാപ്റ്റനായതോടെ ടീമിന്റെ മനോഭാവം തന്നെ മാറി. പിന്നീട് കുംബ്ലെ ക്യാപ്റ്റനായി. ദക്ഷിണേന്ത്യക്കാര്‍ പൊതുവെ ശാന്തശീലരാണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ കുംബ്ലെ അത് മാറ്റിമറിച്ചുവെന്ന് കപില്‍ പറഞ്ഞു.സൗരവ് ഗാംഗുലിയെയും അനില്‍ കുബ്ലെയെയും പോലുള്ള നായകന്‍മാരുടെ കീഴില്‍ കളിക്കാനായാതാണ് കളിക്കാരനെന്ന നിലയില്‍ തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ സെവാഗ് ധോണിയുടെ ക്യാപ്റ്റന്‍സിയെയും പ്രശംസിച്ചു.

 

 

 

click me!