ഡല്‍ഹി അണ്ടര്‍ 23 ടീം സെലക്ഷനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ ആക്രമണം

By Web TeamFirst Published Feb 11, 2019, 5:42 PM IST
Highlights

ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ നോര്‍ത്ത് ഡല്‍ഹിയിലായിരുന്നു സംഭവം. ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന രണ്ട് മൂന്ന് കളിക്കാര്‍ ഭണ്ഡാരിക്ക് സമീപമെത്തി

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെ ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ നോര്‍ത്ത് ഡല്‍ഹിയിലായിരുന്നു സംഭവം. ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന രണ്ട് മൂന്ന് കളിക്കാര്‍ ഭണ്ഡാരിക്ക് സമീപമെത്തി ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മുഷ്താഖ് അലി ട്രോഫിക്കായുള്ള അണ്ടര്‍ 23 ടീം സെലക്ഷന്‍ നടക്കുന്നതിനിടെ സെലക്ഷന്‍ കിട്ടാതിരുന്ന ഒരു കളിക്കാരന്‍ തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഭണ്ഡാരിക്ക് അടുത്തെത്തി ചോദിച്ചു.

എന്നാല്‍ മറുപടി പറയുന്നതിനിടെ ഇയാള്‍ ആദ്യം കൈകൊണ്ട് ഭണ്ഡാരിയെ അടിക്കുകയും മറ്റ് മൂന്നുപേര്‍ ഇരുമ്പുവടിയും ഹോക്കി സ്റ്റിക്കും കൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് സാരമായി പരിക്കേറ്റ ഭണ്ഡാരിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

click me!