ശാസ്ത്രിക്ക് എന്താണ് ഗാംഗുലിയോട് ഇത്ര കലിപ്പ്? കാരണം ഇതാണ്

By Web DeskFirst Published Jan 11, 2017, 4:23 PM IST
Highlights

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്ത രവി ശാസ്ത്രി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് രംഗത്തു നിന്നും സോഷ്യല്‍ മീഡിയയിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ശാസ്ത്രിയുടെ നടപടി ബുദ്ധിശൂന്യതയാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്നെ പറയുകയും ചെയ്തു. ശാസ്ത്രിയുടെ കണ്ണില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയാണ്.

ദാദാ ക്യാപ്റ്റന്‍ എന്നാണ് ധോണിയെ ശാസ്ത്രി വിശേഷിപ്പിക്കുന്നത്. കൊല്‍ക്കത്തക്കാര്‍ ഗാംഗുലിയെ സ്നേഹപൂര്‍വം വിളിക്കുന്ന ദാദ എന്ന പേര് ധോണിക്ക് ചാര്‍ത്തി നല്‍കിയത് യാദൃശ്ചികമല്ല. കപില്‍ ദേവും അജിത് വഡേക്കറുമാണ് ധോണിയെക്കൂടാതെ ശാസ്ത്രിയുടെ ലിസ്റ്റില്‍ ഇടം നേടിയ മറ്റ് രണ്ട് ക്യാപ്റ്റന്‍മാര്‍.     ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഗാംഗുലിയും ശാസ്ത്രിയും എങ്ങനെയാണ് ശത്രുപക്ഷത്തായത്. അതിനെക്കുറിച്ചറിയാല്‍ അല്‍പം പുറകിലോട്ട് പോവണം.

ഡങ്കന്‍ ഫ്ലെച്ചര്‍ പരിശീലക സ്ഥാനമൊഴിഞ്ഞശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് പരിശീലകനില്ലാതിരുന്ന കാലത്ത് ഒന്നരവര്‍ഷത്തോളം ടീം ഡയറക്ടര്‍ സ്ഥാനത്ത് രവി ശാസ്ത്രിയുണ്ടായിരുന്നു. കോച്ചും മെന്ററും പിന്നെ ടീമിന്റെ എല്ലാം എല്ലാമായി ഗുരു ശാസ്ത്രി മാറി. ക്രിക്കറ്റ് കരിയറിനുശേഷം കമന്റേറ്റര്‍ എന്ന നിലയില്‍ തിളങ്ങിയ ശാസ്ത്രി ടീം ഡയറക്ടറെന്ന നിലയിലും ഒരുപരിധിവരെ വലിയ വിജയമായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൗരവ് ഗാംഗുലി വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുന്നത്. പരിശീലകന്‍ ഇന്ത്യക്കാരന്‍ മതിയെന്ന് സമിതി ആദ്യമേ തിരുമാനിച്ചിരുന്നു. രാഹുല്‍ ദ്രാവിഡ് ജൂനിയര്‍ ടീം പരിശീലക സ്ഥാനത്തില്‍ തൃപ്തനായതിനാല്‍ മറ്റാരെയെങ്കിലും കണ്ടെത്താനായിരുന്നു സമിതിയുടെ തീരുമാനം. ഇതിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു.

ടീം ഡയറക്ടറെന്ന നിലയിലുള്ള മികച്ച പ്രകടനം കോച്ചെന്ന നിലയില്‍ തനിക്ക് മുന്‍തൂക്കം നല്‍കുമെന്ന് കരുതിയ ശാസ്ത്രിയും അപേക്ഷിച്ചു. എന്നാല്‍ പരിശീലക സ്ഥാനത്തേക്ക് നടന്ന അഭിമുഖത്തില്‍ ശാസ്ത്രിയുടെ പ്രസന്റേഷന്‍ സമയത്ത് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഗാംഗുലി എത്തിയില്ല. മറ്റൊരു പ്രധാന മീറ്റിംഗിലായിരുന്നുവെന്നായിരുന്നു ഗാംഗുലിയുടെ വിശദീകരണം. ബാങ്കോങ്കില്‍ അവധി ആഘോഷിക്കാന്‍ പോയ ശാസ്ത്രി അവിടെ നിന്നാണ് സമിതിക്ക് മുമ്പാകെ പ്രസന്റേഷന്‍ അവതരിപ്പിച്ചത്. എന്നാല്‍ സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരായി പ്രസന്റേഷന്‍ അവതരിപ്പിച്ച അനില്‍ കുംബ്ലെയെ ആണ് മൂന്നംഗ സമിതി ഇന്ത്യന്‍ പരിശീലകനമായി നിയമിച്ചത്.

ഇന്ത്യന്‍ എ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ സ്വാധീനവും ഇതിന് പിന്നിലുണ്ടായിരുന്നു. തന്റെ പേര് വെട്ടിയത് ഗാംഗുലിയാണെന്ന് സ്വാഭാവികമായും കരുതിയ ശാസ്ത്രി പരസ്യ പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു. എന്നാല്‍ താനാണ് ശാസ്ത്രിയെ ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹം വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്നായിരുന്നു ഇതിനെക്കുറിച്ച് ഗാംഗുലിയുടെ പ്രതികരണം. ശാസ്ത്രിയുടെ പ്രതികരണത്തിനെതിരെ സുനില്‍ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ള മുംബൈ ലോബി തന്നെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.

എന്തായാലും ഗാംഗുലിയോടുള്ള ദേഷ്യത്തില്‍ തനിക്ക് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടിക. കണക്കുകളില്‍ ധോണിയാണ് ഇന്ത്യയുടെ മികച്ച ക്യാപ്റ്റനെങ്കിലും അതിനുള്ള അടിത്തറയിട്ട ഗാംഗുലിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെ വലിയൊരു വിഭാഗം ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

click me!