
ദില്ലി: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരത്തിന് മുന്നോടിയായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ മണി മുഴക്കാന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചതിനെതിരെ പൊട്ടിത്തെറിച്ച ഗൗതം ഗംഭീറിനെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. മത്സരശേഷം ചെയ്ത ട്വീറ്റിലായിരുന്നു ഗംഭീര്‍ അസ്ഹറിനെ മണി മുഴക്കാന്‍ ക്ഷണിച്ച നടപടിക്കെതിരെ പൊട്ടിത്തെറിച്ചത്.
ഈ കളി ഇന്ത്യ ജയിച്ചിരിക്കാം, പക്ഷെ ബിസിസിഐയും ഇടക്കാല ഭരണസമിതിയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ഇവിടെ തോറ്റിരിക്കുന്നു. ഒത്തുകളി ആരോപണവിധേയനായ അസ്ഹറിനെ മണി മുഴക്കാന്‍ ക്ഷണിച്ചപ്പോള്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരെല്ലാം ഞായറാഴ്ചയായതുകൊണ്ട് അവധിയായിരുന്നുവെന്ന് തോന്നുന്നു. ഇത് ശരിക്കും ഞെട്ടിക്കുന്നു, അധികാരികള്‍ ഇത് കാണുന്നുണ്ടാവുമല്ലോ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
എന്നാല്‍ മത്സരത്തിന് മുമ്പ് മണി മുഴക്കിയ അസ്ഹറിനെതിരെ ആഞ്ഞടിച്ച ഗംഭീര്‍ തന്നെ 2014ല്‍ അസ്ഹറിന്റെ കൂടെ വേദി പങ്കിട്ടതിന്റെയും ഒപ്പം ചിരി പങ്കിടുന്നതിന്റെയും ചിത്രം പങ്കുവെച്ചാണ് മാധ്യമപ്രവര്‍ത്തകനായ ജി രാജരാമന്‍ രംഗത്തെത്തിയത്. അന്ന് അസ്ഹറിനൊപ്പം വേദി പങ്കിടുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലാതിരുന്ന ഗംഭീറിന് പെട്ടെന്നെങ്ങനെയാണ് ഇത്തരമൊരു നിലപാട് മാറ്റമുണ്ടായതെന്നും രാജാരാമന്‍ ചോദിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഗംഭീര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് അസ്ഹറുദ്ദീന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി 2012ല്‍ ബിസിസിഐ പിന്‍വലിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!