ഗംഭീറുമായുള്ള തര്‍ക്കത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഫ്രീദി

By Web DeskFirst Published May 4, 2017, 5:11 PM IST
Highlights

ലാഹോര്‍: കളിക്കളത്തില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം പലപ്പോഴും യുദ്ധസമാനമാണെങ്കിലും കളിക്കാര്‍ തമ്മില്‍ പണ്ടത്തെപ്പോലെ ശത്രുതയൊന്നുമില്ലെന്നത് ആരാധകര്‍ക്കെല്ലാം അറിയാവുന്നകാര്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ താരങ്ങള്‍ കൈയൊപ്പിട്ട ജേഴ്സി സമ്മാനമായി അയച്ചുകൊടുത്തത്.

ഇന്ത്യന്‍ ടീമിലെ മിക്കവാറും എല്ലാ താരങ്ങളുമായും തനിക്ക് നല്ല സൗഹൃദമുണ്ടെങ്കിലും ഗൗതം ഗംഭീറിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അങ്ങനെയില്ലെന്നാണ് ഷാഹിദ് അഫ്രീദി തുറന്നു പറയുന്നത്.ഇന്ത്യാ-പാക് താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ മാത്രമാണ് പോരടിക്കുന്നത്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ എല്ലാവരുടെ കാര്യം അങ്ങനെയല്ല. ഉദാഹരണം, ഗൗതം ഗംഭീര്‍ തന്നെ. ഞങ്ങള്‍ തമ്മില്‍ സൗഹൃദമില്ല. അടുത്തൊന്നും ഒരു കോഫീ ഷോപ്പില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടുമെന്നും പറയാനാവില്ല.

കുറച്ചുവര്‍ഷം മുമ്പ് ഗ്രൗണ്ടില്‍വെച്ച് ഞങ്ങള്‍ തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് അത് വലിയ തലക്കെട്ടൊക്കെയായി. അതെല്ലാം കളിയുടെ ഭാഗമായെ കണ്ടിട്ടുള്ളു. അതെല്ലാം ഞാന്‍ മറന്നു. എന്നാല്‍ വേറെ എന്തൊക്കെയോ കാരണങ്ങളാല്‍ ഗംഭീറിന് ഇപ്പോഴും അതൊന്നും മറക്കാനാവുന്നില്ല. അദ്ദേഹത്തിന് നല്ലതുവരട്ടെ എന്നു മാത്രമെ ഇപ്പോള്‍ പറയാനാവൂ-ചാമ്പ്യന്‍ ട്രോഫിക്ക് മുന്നോടിയായി ഐസിസിക്ക് വേണ്ടി എഴുതി കോളത്തില്‍ അഫ്രീദി പറഞ്ഞു.

അതേസമയം, ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും സഹീര്‍ ഖാനും ഇന്ത്യന്‍ ടീമിലെ തന്റെ നല്ല സുഹൃത്തുക്കളാണെന്നും അഫ്രീദി വ്യക്തമാക്കി. അവര്‍ മൂന്നുപേരുമാണ് ഇന്ത്യന്‍ ടീമിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച മറക്കാനാവാത്ത കുറച്ച് നിമിഷങ്ങളുണ്ട്. കരിയറിന്റെ തുടക്കകാലത്ത് ഞങ്ങള്‍ ഒരുമിച്ച് കറങ്ങാനും വീടുകളിലുമെല്ലാം പോവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും വിവാഹിതരായി, കൂടുതല്‍ ഉത്തവാദിത്തങ്ങളായി. അതുകൊണ്ടുതന്നെ അധികം ഒരുമിച്ച് ചെലവിടാന്‍ കഴിയാറില്ല. എന്നാല്‍ എപ്പോഴെല്ലാം കാണുന്നുവോ അപ്പോഴെല്ലാം പഴയ സൗഹൃദം പങ്കിടാറുണ്ട്.

പുതിയ തലമുറയില്‍ വിരാട് കോലിയെ ആണ് താന്‍ ഏറ്റവും അധികം അരാധിക്കുന്ന താരമെന്നും അഫ്രീദി പറയുന്നു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം കോലി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ടൊരു ജേഴ്സി എനിക്ക് തന്നിരുന്നു. എനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണിതെന്നും അഫ്രീദി പറഞ്ഞു.

 

click me!