ഇന്ത്യന്‍ ഫുട്ബോളിന് ചരിത്ര നേട്ടം; ഫിഫ റാങ്കിംഗില്‍ 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്

By Web DeskFirst Published May 4, 2017, 11:51 AM IST
Highlights

സൂറിച്ച്: ഒക്ടോബറില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിന് സന്തോഷവാര്‍ത്ത. ഇന്ത്യയുടെ സീനിയര്‍ ടീം 21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫിഫ റാങ്കിലെത്തി. ഫിഫയുടെ മെയ് മാസത്തെ റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി നൂറാം റാങ്കിലെത്തി. 21 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഏപ്രിലില്‍ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. നിക്കാരഗ്വേ, എസ്തോണിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ നൂറാം സ്ഥാനത്തെത്തിയത്.

2015 മാര്‍ച്ചിലെ ഫിഫ റാങ്കിംഗ് അനുസരിച്ച് 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രണ്ട് വര്‍ഷത്തിനിടെ 73 റാങ്കുകള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യന്‍ കുതിപ്പ്. 1996 ഫെബ്രുവരിയില്‍ 94-ാം റാങ്കിലെത്തിയതായിരുന്നു ഇതിനു മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. സൗഹൃദ മത്സരങ്ങളില്‍ കംബോഡിയയെയും മ്യാന്‍മറിനെയും തോല്‍പ്പിച്ചതാണ് ഇന്ത്യയെ നൂറാം റാങ്കിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 97-ാം റാങ്കിലുള്ള ബൊളീവിയ അര്‍ജന്റീനയെ തോല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് നൂറിനുള്ളില്‍ എത്താനാവുമായിരുന്നു.

അതേസമയം, നൂറാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ കളിക്കേണ്ടിവരും. ഈ മാസം ഇന്ത്യക്ക് ഇനി രാജ്യാന്തര മത്സരങ്ങളൊന്നുമില്ല. അതിനാല്‍ അടുത്തമാസം പുറത്തിറങ്ങുന്ന റാങ്കിംഗില്‍ ഇന്ത്യക്ക് നൂറാം സ്ഥാനത്ത് തുടരാനാവുമോ എന്നാണ് കണ്ടറിയേണ്ടത്.

click me!