
കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട്. മുരളി വിജയ്‌യ്ക്കൊപ്പം ആരാകും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ ഗൗതം ഗംഭീറോ, കെ.എല്‍.രാഹുല്‍ വരുന്നതുവരെ സ്ഥിരം ഓപ്പണറായിരുന്ന ശീഖര്‍ ധവാനോ ?. നിലവിലെ ഫോമില്‍ ഗംഭീറിനാണ് സാധ്യതയെങ്കിലും മശം ഫോമിലുള്ളപ്പോള്‍ പോലും ധവാനെ പിന്തുണച്ച ചരിത്രമാണ് ടീം മാനേജ്മെന്റിനുള്ളത് എന്ന വസ്തുത ആരാധകരുടെ ആകാംക്ഷയേറ്റുന്നു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗംഭീര്‍ തീര്‍ത്തും നിരാശനായിരുന്നു. ദുലീപ് ട്രോഫിയിലെ മിന്നുന്ന പ്രകടനം തനിക്ക് ടെസ്റ്റ് ടീമില്‍ ഇടം നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതായിരുന്നു കാരണം. സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ഒരിക്കല്‍ കൂടി ധവാനെ പിന്തുണയ്ക്കുകയും ഗംഭീറിനുനേരെ കണ്ണടയ്ക്കുകയും ചെയ്തപ്പോള്‍ തന്റെ മനസിലെ നിരാശ ട്വിറ്ററിലൂടെ ഗംഭീര്‍ പരസ്യമാക്കുകയും ചെയ്തു.
എന്നാല്‍ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ കെ.എല്‍.രാഹുലിന് രണ്ടാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്ന സാഹചര്യവന്നതോടെ എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ഗംഭീറിനെതന്നെ ആശ്രയിക്കാന്‍ തീരുമാനിച്ചു. പരിശീലകന്‍ അനില്‍ കുംബ്ലെയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
ആദ്യമായി പിങ്ക് ബോളില്‍ കളി നടന്ന ദുലീപ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 71.20 ശരാശരിയില്‍ 356 റണ്‍സായിരുന്നു ഗംഭീര്‍ അടിച്ചുകൂട്ടിയത്. ഈ മികവിനെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയാതെപ്പോയി എന്നതാണ് സത്യം.
ദുലീപ് ട്രോഫിയില്‍ ഒരു കളി മാത്രം കളിച്ച ധവാനാകാട്ടെ മികവിലേക്കുയരാന്‍ കഴിഞ്ഞതുമില്ല. സ്പിന്നിനെ നന്നായി കളിക്കാന്‍ കഴിയുമെന്നതും ഐപിഎല്ലിലെ ഗംഭീറിന്റെ ടീമായ നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കളി എന്നതും സെലക്ടര്‍മാര്‍ കണക്കിലെടുത്തുണ്ടാകണം.ഗംഭീറും ധവാനും ഒരേശൈലിയില്‍ ബാറ്റ് വീശുന്നവരാണെങ്കിലും ധവാന്റെ സ്ഥിരതയില്ലായ്മ സമീപകാലത്ത് ഓപ്പണിംഗില്‍ ഇന്ത്യക്ക് തലവേദനയായിരുന്നു. ഓസ്ട്രേലിയക്കെതിരായ മിന്നുന്ന തുടക്കത്തിനുശേഷം പലപ്പോഴും ധവാന്‍ മിന്നിക്കത്തിയും മങ്ങിക്കത്തിയും ടീമില്‍ തുടര്‍ന്നു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നേടിയ 84 റണ്‍സാണ് ധവാന്റെ സമീപകാലത്തെ മികച്ച പ്രകടനം. വിന്‍ഡീസിനെതാരിയ പരമ്പരയില്‍ ധവാന് പകരം കെ.എല്‍ രാഹുല്‍ ഓപ്പണറായി എത്തുകയും മികവ് കാട്ടുകയും ചെയ്തതോടെ ധവാന്റെ നില പരുങ്ങലിലായി. ഒരറ്റത്ത് മുരളി വിജയ് നങ്കൂരക്കാരന്റെ റോളെടുക്കുമ്പോള്‍ ആക്രമണ ശൈലിയുമായി രാഹുല്‍ സ്കോറിംഗിന് വേഗം നല്‍കുകയും ചെയ്തു.
ഒരുകാലത്ത് രാഹുല്‍ ദ്രാവിഡ് കഴിഞ്ഞാല്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാനായിരുന്നു ഗംഭീര്‍.
എന്നാല്‍ 2014ലെ ഇംഗ്ലണ്ട് പര്യടനം ഗംഭീറിന് ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിതെളിച്ചു. രണ്ട് വര്‍ഷത്തിനുശേഷം ആഭ്യന്തര ക്രിക്കറ്റിലെ മികവിന്റെ കരുത്തില്‍ ടീമിലെത്തിയ ഗംഭീറിന് കൊല്‍ക്കത്തയില്‍ ഇറങ്ങുമ്പോള്‍ ഇത് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണെന്ന തിരിച്ചറിവുണ്ടാകുമെന്നുറപ്പ്. അതുകൊണ്ടുതന്നെ അവസരം നഷ്ടപ്പെടുത്താന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. ഈ അവസരം നഷ്ടമാക്കിയാല്‍ പിന്നീടൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന തിരച്ചറിവും 34കാരനായ ഗംഭീറിനുണ്ടാകും. എന്തായാലും ഈഡനില്‍ ഗംഭീറോ ധവാനോ, ആര്‍ക്കാവും നറുക്കുവീഴുക എന്ന് കാത്തിരുന്ന് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!