രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഗംഭീര്‍

By Web TeamFirst Published Dec 9, 2018, 9:07 PM IST
Highlights

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഞാനും കേട്ടിരുന്നു. സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ടാകാം ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ശക്തമായ പ്ലാറ്റ്ഫോം മാത്രമാണ് ട്വിറ്റര്‍.

ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമിടുമോ എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. എന്നാല്‍ അത്തരം അഭ്യൂഹങ്ങളെ ബൗണ്ടറി കടത്തി ഗംഭീര്‍ പറയുന്നത് താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ്. എന്നാല്‍ പരിശീലകവേഷത്തില്‍ കാണാമെന്ന സൂചനയും ഗംഭീര്‍ നല്‍കി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഞാനും കേട്ടിരുന്നു. സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ടാകാം ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം സാമൂഹിക പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ശക്തമായ പ്ലാറ്റ്ഫോം മാത്രമാണ് ട്വിറ്റര്‍. ട്വിറ്ററിലൂടെ വെറുതെ തമാശ പങ്കിടുന്ന ഒരാളല്ല ഞാന്‍. ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു.

ഒരുപക്ഷ അതാകാം ഞാന്‍ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനം. പക്ഷെ അങ്ങനെയൊരു ചിന്തയേ ഇപ്പോഴില്ല. രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്ത മേഖലയാണ്. 25 വര്‍ഷമായി ക്രിക്കറ്റ് കളിക്കുകയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാനെന്താണ് ചെയ്യാന്‍ പോകുന്നുവെന്ന് കാത്തിരുന്ന് കാണാം.

പരിശീലകനാവുമോ എന്ന ചോദ്യത്തിന്, എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും എസി മുറിയിലിരുന്ന് കമന്ററി പറയാന്‍ ഞാനില്ല. കോച്ചായാല്‍ എന്നിലെ കളിക്കാരനോളം മികച്ചവനാകുമോ എന്നൊന്നും എനിക്ക് പറയാനാവില്ല. ക്രിക്കറ്റ് ഭരണരംഗത്തേക്ക് വരാനും തനിക്ക് താല്‍പര്യമില്ലെന്ന് ഗംഭീര്‍ പറഞ്ഞു. നേരെ വാ നേരെ പോ എന്ന് ചിന്തിക്കുന്ന മനുഷ്യനാണ് ഞാന്‍. എന്നെപ്പോലൊരാളെ ആളുകള്‍ പെട്ടെന്ന് അംഗീകരിക്കില്ല. ഡല്‍ഹി ക്രിക്കറ്റിലെ പുതിയ കളിക്കാരെ സഹായിക്കാന്‍ തയാറാണെന്നും ഗംഭീര്‍ പറഞ്ഞു. തന്റെ കിറ്റിലെ ബാറ്റുകളെല്ലാം സഹകളിക്കാര്‍ക്ക് സമ്മാനിച്ചാണ് ഗംഭീര്‍ വിടവാങ്ങല്‍ മത്സരം പൂര്‍ത്തിയാക്കിയത്.

click me!