ആ ഗംഭീര ഇന്നിംഗ്സ് ഫിനിഷ് ചെയ്യാതെ ഗംഭീര്‍ മടങ്ങുമ്പോള്‍...

By Gopalakrishnan CFirst Published Dec 5, 2018, 6:56 PM IST
Highlights

അപ്പോഴാണ് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത് മലിംഗ സച്ചിനെ വീഴ്ത്തുന്നത്. വിക്കറ്റിന് പിന്നിലെ സംഗക്കരയുടെ ചോരാത്ത കൈകളില്‍ സച്ചിന്റെ ഇന്നിംഗ്സ് അവസാനിച്ചു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു സൂചി വീണാല്‍പോലും കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു അപ്പോള്‍. സച്ചിന്റെ എക്കാലത്തെയും വലിയ സ്വപ്നം സ്വപ്നമായി തുടരുമെന്ന് ആരാധകര്‍ ഒരു നിമിഷം ശങ്കിച്ചു.

2011, ഏപ്രില്‍ 02, വേദി മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, 22 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഒരിക്കല്‍ പോലും കൈയെത്തിപ്പിടിക്കാനാവാതെ പോയ ഏകദിന ലോകകപ്പിനായി സച്ചിനും ഇന്ത്യയും ഇറങ്ങുന്നു. ഇത്തവണ സച്ചിനുവേണ്ടി ധോണിയും സംഘവും അതുനേടുമെന്ന് ആരാധകരെല്ലാം ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസത്തിന്റെ ആണിക്കല്ലിളക്കി ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ലസിത് മലിംഗ എന്ന സ്വര്‍ണത്തലയുള്ള ചുരുണ്ട മുടിക്കാരന്‍ വീരേന്ദര്‍ സെവാഗിനെ വിക്കറ്റിന് മുന്നില്‍ പൂട്ടി. അപ്പോഴും നമ്മള്‍ ആശ്വസിച്ചു. സച്ചിനുണ്ടല്ലോ ക്രീസിലെന്ന്. വിരാട് കോലി അന്ന് ചേസ് മാസ്റ്ററായിട്ടില്ല. ഫിനിഷറെന്ന നിലയില്‍ മികച്ചവനായിരുന്നെങ്കിലും ആ ടൂര്‍ണമെന്റില്‍ അതുവരെ ധോണിയുടെ ബാറ്റ് അധികമൊന്നും മിണ്ടിയിട്ടുമില്ല. യുവരാജ് സിംഗാകട്ടെ ബാറ്റിംഗിനേക്കാളുപരി തന്റെ ഇടം കൈയന്‍ സ്പിന്നുകൊണ്ടായിരുന്നു ആ ലോകകപ്പില്‍ എതിരാളികളെ വലവീശിയിരുന്നത്.

സെവാഗും സച്ചിനും ചേര്‍ന്ന് നല്‍കുന്ന തുടക്കത്തിലൂന്നിവേണമായിരുന്നു 275 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കും ലോകകപ്പെന്ന വലിയ സ്വപ്നത്തിലേക്കും ഇന്ത്യക്ക് ബാറ്റ് വീശാന്‍. ഇന്ന് വിരാട് കോലി പ്രതിഭകൊണ്ട് സ്വന്തം കൈയൊപ്പ് പതിച്ച മൂന്നാം നമ്പറില്‍ ഗൗതം ഗംഭീര്‍ എന്ന കുറിയ മനുഷ്യനായിരുന്നു അന്ന് ബാറ്റിംഗിനിറങ്ങിയത്. സെവാഗിനെ വീഴ്ത്തിയതിന്റെ ആവേശത്തില്‍ എത്തിയ മലിംഗയുടെ തൊട്ടടുത്ത പന്തുതന്നെ സ്ക്വയര്‍ ലെഗ്ഗ് ബൗണ്ടറി കടത്തി ഗംഭീര്‍ തുടങ്ങി. ഗംഭീറിന്റെ ഈ കൂസലില്ലായ്മ പതുക്കെ സച്ചിന്റെ ചുമലുകളിലെ ഭാരം കുറച്ചു. കുലശേഖരയെ രണ്ട് ബൗണ്ടറിയടിച്ച് ഇത്തവണ കപ്പ് കൈവിടില്ലെന്ന പ്രഖ്യാപനത്തോടെ സച്ചിനും നിലയുറപ്പിച്ചു.

അപ്പോഴാണ് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത് മലിംഗ സച്ചിനെ വീഴ്ത്തുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച സച്ചിന് പിഴച്ചു. വിക്കറ്റിന് പിന്നിലെ സംഗക്കരയുടെ ചോരാത്ത കൈകളില്‍ സച്ചിന്റെ ഇന്നിംഗ്സ് അവസാനിച്ചു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു സൂചി വീണാല്‍പോലും കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു അപ്പോള്‍. സച്ചിന്റെ എക്കാലത്തെയും വലിയ സ്വപ്നം സ്വപ്നമായി തുടരുമെന്ന് ആരാധകര്‍ ഒരു നിമിഷം ശങ്കിച്ചു.

എന്നാല്‍ അവിടുന്നങ്ങോട്ട് റണ്‍മലകയറ്റത്തിന്റെ ക്യാപ്റ്റന്‍ ഗംഭീറായിരുന്നു. നാട്ടുകാരനായ വിരാട് കോലിയെ കൂട്ടുപിടിച്ച് സിംഗിളുകളെ ഡബിളുകളാക്കിയും പെരേരയെയും കുലശേഖരയെയും രണ്‍ദീവിനെയും മുരളീധരനെയുമെല്ലാം ഇടക്കിടെ ബൗണ്ടറി കടത്തിയും ഗംഭീര്‍ നടത്തിയ പോരാട്ടത്തിന് സമാനതകളില്ലായിരുന്നു. കോലി പുറത്തായശേഷം ക്രീസിലെത്തിയ ധോണി ഗംഭീറിന് പറ്റിയ കൂട്ടായപ്പോള്‍ ഇന്ത്യ ലോകകിരീടത്തിലേക്ക് അടിവച്ചടുത്തു. ഒടുവില്‍ വിജയം ഉറപ്പിച്ചശേഷം ഐതിഹാസികവും അവിസ്മരണീയവുമാകുമായിരുന്ന ഒരു സെഞ്ചുറിക്ക് മൂന്ന് റണ്‍സകലെ പെരേരയുടെ പന്തില്‍ അശ്രദ്ധമായി ബാറ്റുവെച്ച ഗംഭീര്‍ ബൗള്‍ഡായപ്പോള്‍ കപ്പിലേക്ക് ഇന്ത്യക്ക് 50 റണ്‍സ് അകലമേ ഉണ്ടായിരുന്നുള്ളു. അന്ന് കളിയിലെ കേമനായത് പക്ഷെ ടോപ് സ്കോററായ ഗംഭീറായിരുന്നില്ല, 91റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണിയായിരുന്നു.

ആഘോഷിക്കപ്പെടാതെപോയ ഗംഭീര ഇന്നിംഗ്സുകള്‍

ആ ലോകകപ്പ് വിജയം ഒരിക്കലും ഗംഭീറിന്റെ പേരിലായിരുന്നില്ല പിന്നീട് ആഘോഷിക്കപ്പെട്ടത്. സച്ചിന്റെ സ്വപ്ന സാഫല്യമായും ധോണിയുടെ മഹത്തായ ഇന്നിംഗ്സിന്റെ പേരിലുമെല്ലാം ആ ലോകകപ്പ് ആരാധകര്‍ ആഘോഷമാക്കി.കുലശേഖരക്കെതിരെ ധോണി നേടിയ വിജയ സിക്സര്‍ ആരാധക മനസില്‍ മായാത്ത ചിത്രമായി. നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാനുള്ള ധോണിയുടെ ചാണക്യതന്ത്രത്തെ ആരാധകലോകം വാഴ്ത്തിപ്പാടി. അപ്പോഴും ചെളിപുരണ്ട ജേഴ്സിയുമായി മറുവശത്ത് വിശ്വവിജയത്തിലേക്ക് വഴിവെട്ടിയ ഗംഭീറിന്റെ പ്രകടനം അധികമൊന്നു ആഘോഷിക്കപ്പെട്ടില്ല. ഇത് ഗംഭീറിനെ സംബന്ധിച്ചിടത്തോളം അത്ര പുതുമയുള്ളതുമല്ലായിരുന്നു.

നാലു വര്‍ഷം മുമ്പ് ബിസിസിഐ കുട്ടിക്കളിക്കായി ധോണിയെയും സംഘത്തെയും 2007ലെ ആദ്യ ട്വന്റി-20 ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്കയച്ചപ്പോള്‍ കിരീടമൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. യുവരാജ് സിംഗിന്റെ ആറ് പന്തിലെ ആറ് സിക്സറും സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ശ്രീശാന്ത് പുറത്തെടുത്ത തീ പാറുന്ന ബൗളിംഗും എല്ലാം കൊണ്ട് ഇന്ത്യാ-പാക് സ്വപ്ന ഫൈനലിന് ഒടുവില്‍ അരങ്ങൊരുങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സടിച്ചപ്പോള്‍ 54 പന്തില്‍ 75 റണ്‍സടിച്ച് ടോപ് സ്കോററായത് മറ്റാരുമല്ല, ഗംഭീറായിരുന്നു. എന്നാല്‍ ആ ഫൈനല്‍ ഗംഭീറിന്റെ ഗംഭീര ഇന്നിംഗ്സിന്റെ പേരില്‍ ഇന്നാരും ഓര്‍ക്കില്ല, കാരണം ജോഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറിന്റെയും ശ്രീശാന്തിന്റെ ക്യാച്ചിന്റെയും ധോണിയുടെ ക്യാപ്റ്റന്‍സിയുടെയും പേരിലാണ് ആ ഫൈനലും ഓര്‍മിക്കപ്പെടുന്നത്.

തളരാത്ത പോരാളി

ഏകദിനങ്ങളിലായാലും ട്വന്റി-20യിലായാലും വീരേന്ദര്‍ സെവാഗിനെ പോലൊരു വെടിക്കെട്ട് ബാറ്റ്സ്മാനോട് കട്ടക്ക് നില്‍ക്കുന്ന ഓപ്പണറായിരുന്നു നാട്ടുകാരന്‍ കൂടിയായ ഗംഭീര്‍. 2007ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ നിരാശനാവാതിരുന്ന ഗംഭീര്‍ രഞ്ജി ഫൈനലില്‍ പരിക്കേറ്റ കൈയുമായി ബാറ്റ് ചെയ്ത് സെഞ്ചുറി നേടിയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ വീണ്ടും തള്ളിത്തുറന്നത്. 2008 മുതല്‍ 2012വരെയായിരുന്നു ഗംഭീറിന്റെ കരിയറിലെ സുവര്‍ണകാലം. ആ കാലത്ത് ടെസ്റ്റില്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ചുറികള്‍ കുറിച്ച ഗംഭീര്‍ ടെസ്റ്റില്‍ സ്ഥിരതയുടെ പര്യായമായി. രാഹുല്‍ ദ്രാവിഡിനുശേഷം ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്നുപോലും അക്കാലത്ത് ഗംഭീര്‍ വിശേഷിപ്പിക്കപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ ആറ് കളികളില്‍ ഇന്ത്യയെ നയിച്ചപ്പോഴും ജയിച്ചുകയറി എന്നത് ഗംഭീറിന് മാത്രം അവകാശപ്പെടാവുന്ന റെക്കോര്‍ഡാണ്.

കളിക്കളത്തിലും കളിക്കളത്തിന് പുറത്തും എടുത്ത നിലപാടുകള്‍കൊണ്ടും ഗംഭീര്‍ ശ്രദ്ധേയനായി. കളിക്കുന്ന കാലത്ത് പാക് ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദിയുമായി നടത്തിയ ഏറ്റുമുട്ടല്‍ വിരമിച്ചശേഷവും ഗംഭീര്‍ തുടര്‍ന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മോശം ഫോമിലായപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞ ഗംഭീര്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ പറഞ്ഞത് ക്യാപ്റ്റനെന്ന നിലിയില്‍ തന്നെപ്പോലൊരു കളിക്കാരന്‍ ഈ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നാണ്. ഒപ്പം ആ വര്‍ഷത്തെ ലേലത്തുക ഫ്രാഞ്ചൈസിക്ക് മടക്കി നല്‍കാനും ഗംഭീര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ഫിനിഷ് ചെയ്യാനാവാതെ പോയ ലോകകപ്പ് ഫൈനല്‍ ഇന്നിംഗ്സ് പോലെ ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. നന്ദി ഗൗതം നിങ്ങളുടെ മഹത്തായ സംഭാവനകള്‍ക്ക്, നിങ്ങള്‍ അന്ന് കളിച്ച രണ്ട് ഇന്നിംഗ്സുകളില്ലായിരുന്നെങ്കില്‍ ആ രണ്ട് ലോകകപ്പ് വിജയങ്ങളും നമുക്ക് സാധ്യമാകില്ലായിരുന്നു. ഇതുതന്നെയാണ് ഗംഭീറിലെ പ്രതിഭക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.

Thank u Gautam for ur contribution . We cud not have won both the world cups had u didn’t play those knocks pic.twitter.com/qy0HBLzjZ1

— Sachin Tendulkar🇮🇳 (@sachin_rt0)
click me!