കാൽപന്തുകളിയിലെ കൈക്കരുത്തായിരുന്നു ബുഫണ്‍

By Jomit JFirst Published Nov 14, 2017, 6:25 PM IST
Highlights

പൗരാണികതയുടെ കായിക ആവിഷ്കാരമായിരുന്നു ഇറ്റലിക്ക് ഫുട്ബോള്‍. കൊളോസിയത്തിലെ ആംഫി തിയേറ്ററിന് സമാനമായിരുന്നു അവര്‍ക്ക് മൈതാനങ്ങള്‍. കളിക്കളത്തില്‍ പന്തുതട്ടിയവര്‍ക്ക് പടയാളികളുടെ കുപ്പായമായിരുന്നു. അവരുടെ പ്രതിരോധ പത്മവ്യൂഹത്തിന് മുന്നില്‍ ആറടി മൂന്നിഞ്ചുകാരന്‍ നെഞ്ചുവിരിച്ചു നിന്നു. ഗോള്‍ പോസ്റ്റിനടുത്തേക്ക് പന്തുമായി ചേക്കേറിയവര്‍ക്ക് അയാളെ മാത്രം മറികടക്കാനായില്ല. ബാറിനുള്ളില്‍ കൂര്‍മ്മശാലിയായി രണ്ടു പതിറ്റാണ്ട് കൈക്കരുത്തും മനക്കരുത്തുകൊണ്ടും എതിരാളികളെ നിഷ്പ്രഭമാക്കിയ പടയാളിയുടെ പേരാണ് ബുഫണ്‍. 

വിരമിച്ച  ഇറ്റാലിയന്‍- യുവന്‍റസ് ഇതിഹാസ ഗോളി ജിയാലുഗി ബുഫണിനെ കുറിച്ച് ജോമിറ്റ് ജോസ് എഴുതുന്നു

ഗോളവസരം തട്ടിയകറ്റുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ ഹീറോകളാവും, ഗോള്‍ വീണാല്‍ അവര്‍ ദുരന്തനായകന്‍മാരും. ഫുട്ബോളില്‍ ഗോളിമാരെക്കുറിച്ചുള്ള പൊതു തത്വത്തിന് സമാനമായിരുന്നു ബുഫണിന്‍റെ കരിയറും. 2006ല്‍ ഫ്രാന്‍സിനെതിരെയുള്ള ഇറ്റലിയുടെ വിഖ്യാത ഫൈനല്‍. ഫ്രഞ്ച് നായകന്‍ സിനദീന്‍ സിദാന്‍റെ ശരവേഗത്തിലുള്ള ഹെഡര്‍ തട്ടിയകറ്റിയപ്പോള്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ കഥകളിലെ നായകനായി ബുഫണ്‍. എന്നാല്‍ 2018ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാതെ കളം വിടുമ്പോള്‍ ബുഫണ്‍ ദുരന്ത നായകന്‍മാരുടെ ചരിത്രത്തിലേക്ക് ചേക്കേറി. 

ചോരാത്ത കൈകളുടെ മറുവാക്കാണ് ജിയാലുഗി ബുഫണ്‍. 2006 ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ ആകെ വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം. ലോകകപ്പില്‍ ഗോള്‍ വഴങ്ങാതെ 453 മിനുറ്റാണ് ബുഫണ്‍ ഇറ്റലിയുടെ ഗോള്‍വല കാത്തത്. ആ വര്‍ഷം തന്നെയായിരുന്നു ബുഫണിന്‍റെ കരിയറിലെ സുവര്‍ണ്ണകാലവും. സിനദീന്‍ സിദാന്‍ വില്ലനായ കലാശക്കളിയില്‍ ബുഫണ്‍ ഹീറോയായപ്പോള്‍ ഇറ്റലി കപ്പുയര്‍ത്തി. അങ്ങനെ 1998ലോകകപ്പില്‍ സബ്സ്റ്റിറ്റിയൂട്ടായിരുന്ന ബുഫണ്‍ 2006ല്‍ ടീമിന്‍റെ നേട്ടത്തില്‍ നിര്‍ണ്ണായകമായി. ലോകകപ്പ് ഇലവനിലും യൂവേഫ ടീമിലും ആ വര്‍ഷം താരം സാന്നിധ്യമറിയിച്ചു. 

1998, 2002, 2006, 2010, 2014 എന്നീ അഞ്ച് ലോകകപ്പുകള്‍

1995ല്‍ മിലാനെതിരെ ബാലന്‍ഡി ഓര്‍ ജേതാവായ റോബര്‍ട്ടോ ബാജിയോയുടെയും ജോര്‍ജ് വോയുടെയും കനത്ത ഷോട്ടുകള്‍ തടുത്തിടുമ്പോള്‍ പര്‍മ താരം ബുഫണിന് പ്രായം പതിനേഴ് മാത്രം. 1997ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ താരം 175 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. ആയിരത്തിലധികം മത്സരങ്ങളിലായി ആ കൈക്കരുത്ത് ഇറ്റലിയെയും ജുവന്‍റസിനെയും പര്‍മയെയും കാത്തു. 1998, 2002, 2006, 2010, 2014 എന്നീ അഞ്ച് ലോകകപ്പുകളില്‍ ബുഫണ്‍ ദേശീയ ടീമിനായി ഗ്ലൗസണിഞ്ഞു. രണ്ട് പതിറ്റാണ്ട് പിന്നിട്ട താരം അന്നുമിന്നും ഇറ്റലി- യുവന്‍റസ് ടീമിലെ ഒന്നാം നമ്പര്‍ ഗോളിയായിരുന്നു.

11 തവണ സീരിസ് എയിലെ മികച്ച ഗോളിക്കുള്ള പുരസ്കാരം നേടി. 2004ല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മികച്ച 100 താരങ്ങളുടെ പട്ടികയില്‍ ബുഫണ്‍ ഇടം നേടി.  യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ഏക ഗോള്‍കീപ്പറായി. ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം ഒരു തവണ ലഭിച്ചു.1978 ജനുവരി 28ന് തസ്കാനിയിലെ കായിക കുടുംബത്തില്‍ ഡിസ്‌കസ്‌ ത്രോ താരമായ മരിയ സ്റ്റെല്ലയുടെയും വെയ്റ്റ്‌ലിഫ്റ്ററായ അഡ്രിയാനോയുടെയും മകനായായിരുന്നു ബുഫണിന്‍റെ ജനനം.

പ്രഫഷണല്‍ ഫുട്ബോളില്‍ 1000 മത്സരങ്ങള്‍  എന്ന  അപൂര്‍വ്വ നേട്ടം

1995ല്‍ പര്‍മ ക്ലബില്‍ അരങ്ങേറിയ താരം 2001 വരെ ക്ലബില്‍ തുടര്‍ന്നു. എന്നാല്‍ ബുഫണിന്‍റെ പടയോട്ടം തുടങ്ങുന്നത് 2001ല്‍ ആദ്യ ഗോളിയായി ഒന്നാം നമ്പര്‍ കുപ്പായത്തോടെ യുവന്‍റസില്‍ ചേക്കേറിയതോടെയാണ്. 496 മത്സരങ്ങളുമായി അവസാനിക്കാത്ത ജുവന്‍റസ് യാത്രയുടെ തേരാളിയായി പടപൊരുതുന്ന താരത്തെയാണ് പിന്നീട് കായികലോകം കണ്ടത്. പ്രഫഷണല്‍ ഫുട്ബോളില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പതിനെട്ട് താരങ്ങളിലൊരാളായി. ഏറ്റവും കൂടുതല്‍ മത്സരം കളിച്ച യൂറോപ്യന്‍ താരമായി. ഒത്തുകളി വിവാദത്താല്‍ രണ്ടാം സീസണിലേക്ക് പ്രിയ ക്ലബായ യുവന്‍റസ് പിന്‍ വാങ്ങിയ കാലത്തും ബഫണ്‍ യുവാന്‍റസ് ബാറിന്‍റെ കീഴിലുണ്ടായിരുന്നു.

റഷ്യന്‍ ലോകകപ്പിലേക്ക് ടീം യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ കണ്ണീരോടെ വിടവാങ്ങല്‍ പ്രഖ്യാപനം. കുറ്റം എല്ലാവരുടേതുമാണ് എന്ന് പറഞ്ഞ് ചോരാത്ത കൈകളും ഉയര്‍ത്തിപ്പിടിച്ച് ബുഫണ്‍ ജഴ്സി അഴിച്ചു. ചരിഞ്ഞിട്ടും വീഴാതെ നില്‍ക്കുന്ന പിസ ഗോപുരം സ്ഥിതി ചെയ്യുന്നത് ഇറ്റലിയിലെ തസ്കാനിയിലാണ്. എന്നാല്‍ തസ്കാനിയില്‍ ജനിച്ച ബുഫണ് ഗോള്‍വലക്ക് മുന്നില്‍ ഇതുവശത്തെക്കായിരുന്നു ചരിവ്. ലോകത്തെ മികച്ച ഗോള്‍ കീപ്പര്‍ക്ക് ഫുട്ബോള്‍ പ്രേമികളുടെ ഗുഡ്ബൈ...

click me!