തളരുന്ന ബ്ലാസ്റ്റേഴ്‌സ്; കുതിക്കാനൊരുങ്ങി ഗോകുലം

By Web TeamFirst Published Nov 29, 2018, 11:52 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ചെന്നൈയിന്‍ എഫ്‌സിയോട് സമനിലയിലും പിരിഞ്ഞു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിതയ്ക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം ചെന്നൈയിന്‍ എഫ്‌സിയോട് സമനിലയിലും പിരിഞ്ഞു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. അഞ്ച് സമനിലയും മൂന്ന് തോല്‍വിയും. പോയിന്റ് നിലവിലവര്‍ ഏഴാം സ്ഥാനത്താണ്. എന്നാല്‍ മറുവശത്ത്, ഐ ലീഗില്‍ കേരളത്തിന്റെ തന്നെ മറ്റൊരു ടീമായ ഗോകുലം എഫ്‌സി മുന്നേറുകയാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് വീതം ജയവും സമനിലയും ഗോകുലത്തിന്റെ അക്കൗണ്ടിലുണ്ട്. ഒരു തോല്‍വിയും. 

നാളെ ഗോകുലം ആറാം മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ ചില്ലറക്കാരല്ല, പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ്. ഇതുവരെ അവര്‍ ലീഗില്‍ തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ഗോകുലവും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിലെ ജേതാക്കളായ മിനര്‍വ പഞ്ചാബിനെ ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഗോകുലം ഇറങ്ങുന്നത്. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നും ഗോകുലത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വൈകിട്ട് അഞ്ചിനാണ് മത്സരം. 

നാളെ ജയിച്ചാല്‍ ഗോകുലത്തിന് രണ്ടാം സ്ഥാനത്തേക്കുയരാം. ഗോകുലത്തിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ടും വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്‌റ്റേഡിയം നിറയുന്ന കാഴ്ച അടുത്തിടെ കാണാനിടയായി. ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുന്നതിനേക്കാള്‍ ആരാധകരെ ഗോകുലത്തിന് ലഭിക്കുന്നു. ഒരിടത്ത് ബ്ലാസ്‌റ്റേഴ്‌സ് തളരുമ്പോള്‍ ഗോകുലം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷ.

click me!