ന്യൂകാസിലിനെതിരെ ബാഴ്‌സയും അറ്റ്‌ലാന്റയ്‌ക്കെതിരെ ബയേണും ഗംഭീര ജയം നേടിയപ്പോള്‍, ടോട്ടന്‍ഹാമിനെയും ഗലാറ്റസരെയെയും മറികടന്നാണ് അത്‌ലറ്റിക്കോയും ലിവര്‍പൂളും മുന്നേറിയത്.
ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍. രണ്ടാം പാദ മത്സരത്തില്‍ ന്യൂകാസിലിനെ രണ്ടിനെതിരെ ഏഴ് ഗോളിന് ബാഴ്‌സ മുക്കി. ബാഴ്‌സയ്ക്കായി ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോള്‍ നേടി. റഫിഞ്ഞ, ബെര്‍നല്‍, ലമീന്‍ യമാല്‍, ലോപസ് എന്നിവരും സ്‌കോര്‍ ചെയ്തു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലായിരുന്നു മത്സരം. ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ക്വാര്‍ട്ടറില്‍ മറ്റൊരു സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് ബാഴ്‌സയുടെ എതിരാളി.
ടോട്ടന്‍ഹാമിനെ തകര്‍ത്താണ് അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടറിലെത്തുന്നത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ജയിച്ചെങ്കിലും ഒന്നാംപാദ തോല്‍വിയുടെ ആഘാതത്തില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനോട് തോറ്റ് ടോട്ടനം പുറത്തായി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് അത്ലറ്റിക്കൊ മാഡ്രിഡിനെ ടോട്ടനം തോല്‍പ്പിച്ചത്. ആദ്യപാദത്തില്‍ അത്‌ലറ്റിക്കോ രണ്ടിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു.
ചാംപ്യന്‍സ് ലീഗില്‍ ഗലൈറ്റസരേയെ തോല്‍പ്പിച്ച് ലിവപൂളും ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ എതിരില്ലാത്ത നാലുഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സലായാണ് ലിവര്‍പൂളിനായി നാലാമത്തെ ഗോള്‍ നേടിയത്. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ഒരുഗോളിന് തോറ്റിരുന്നു. ക്വാര്‍ട്ടറില്‍ പിഎസ്ജിയാണ് ലിവര്‍പൂളിന്റെ എതിരാളി.
അറ്റ്‌ലാന്റയെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്കും ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദത്തില്‍ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ജയം. ബയേണിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി. ലെനര്‍ട്ട് കാള്‍, ലൂയിസ് ഡിയാസ് എന്നിവരും സ്‌കോര്‍ ചെയ്തു. ആദ്യ പാദത്തില്‍ ബയേണ്‍ ആദ്യപാദത്തില്‍ 6-1ന് ജയിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബയേണ്‍, റയലിനെ നേരിടും. മറ്റൊരു ക്വാര്‍ട്ടറില്‍ ആഴ്‌സണല്‍, സ്‌പോര്‍ട്ടിംഗ് ലിസ്ബണെ നേരിടും.

