
കോഴിക്കോട്: ഐലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് ചെന്നൈ സിറ്റിയെ നേരിടും. വൈകിട്ട് 5 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സമനിലകുരുക്കിൽപെട്ട് കിടക്കുന്ന ഗോകുലത്തിന് ഇന്ന് സ്വന്തം മണ്ണിൽ ജയിക്കണം.
ഗോളടിയിൽ പിശുക്ക് കാണിക്കാത്ത ചെന്നൈയുടെ ആക്രമണനിരയിലാണ് ഗോകുലത്തിന്റെ ആശങ്ക. മധ്യനിരയും മുന്നേറ്റനിരയുമാണ് ടീമിന് തലവേദന. ടീമെന്ന നിലയിൽ ഒത്തിണക്കം കാട്ടാൻ ഗോകുലത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കോച്ച് ബിനോ ജോർജ്ജ് തന്നെ സമ്മതിച്ചിട്ടുണ്ട്.
സൂപ്പർതാരം അന്‍റോണിയോ ജെർമ്മൻ ടീമിന്‍റെ ശൈലിക്കൊത്ത് പൊരുത്തപ്പെടാത്തതും ഗോകുലത്തിന് തിരിച്ചടിയാണ്. ആദ്യമത്സരത്തിൽ ഇന്ത്യൻ ആരോസിനെ 4 - 1 ന് തകർത്തും രണ്ടാം മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോട് 2 - 2 ന് സമനില വഴങ്ങിയുമാണ് ചെന്നൈ സിറ്റി കോഴിക്കോട് എത്തുന്നത്. ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് കോച്ച് അക്ബർ നവാസ് പറഞ്ഞു.
അതേസമയം ടീമുകൾക്ക് പരിശീലനത്തിന് ഒരുക്കിയ സൗകര്യങ്ങൾ കുറവാണെന്ന് ഇരുടീമുകളുടെയും പരീശീലകർ ചൂണ്ടികാട്ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് ഇരുടീമുകളും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയത്. ഇവിടെ മതിയായ സൗകര്യങ്ങൾ ഇല്ല എന്നാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!