
ദില്ലി: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സംസാര വിഷയമാണ് ഹാർദ്ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച സംഭാനകൾ നൽകാൻ സാധിക്കുന്ന താരമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ പാണ്ഡ്യയെ കാണുന്നത്. ഈ ഓൾറൗണ്ടു മികവുകൊണ്ടാകണം, മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനുമായി പാണ്ഡ്യയെ താരതമ്യപ്പെടുത്തുന്നവരും കുറവല്ല. പത്താനെ ദേശീയ ടീം സെലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ച ബറോഡയിൽനിന്നാണ് പാണ്ഡ്യയുടെയും വരവെന്നത് യാദൃച്ഛികമാകാം.
ഇർഫാനും സഹോദരൻ യൂസഫ് പത്താനുമായിരുന്നു ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയ സഹോദരങ്ങളെങ്കിൽ, ഇപ്പോഴത് ഹാർദ്ദിക്കും സഹോദരൻ ക്രുനാൽ പാണ്ഡ്യയുമാണ്. എന്തായാലും അമിത പ്രതീക്ഷയും സമ്മർദ്ദവും ചെലുത്തി പാണ്ഡ്യയെ മറ്റൊരു പത്താനാക്കി മാറ്റരുതെന്ന മുറവിളിയും ആരാധകർക്കിടയിൽ ശക്തമാണ്.
മികച്ച ബോളറെന്ന നിലയിൽ ടീമിലെത്തി, പിന്നീട് ബാറ്റുകൊണ്ടു വിശ്വസിക്കാവുന്ന താരമായി വളർന്ന പത്താന് അതിനപ്പുറം ഉയരാൻ സാധിക്കാതെ പോയത് ഇന്നും ഇന്ത്യൻ ആരാധകർക്ക് വേദനയുളവാക്കുന്ന കാര്യമാണ്. ഈ സ്നേഹം ഉള്ളിലുള്ളതുകൊണ്ടാകണം, പാണ്ഡ്യയ്ക്ക് പത്താന്റെ ഗതി വരരുതെന്ന് അവർ ആഗ്രഹിക്കുന്നതും.
എന്നാൽ, താനുമായുള്ള താരതമ്യങ്ങൾ ഒരുവശത്തു നടക്കുമ്പോഴും പാണ്ഡ്യയെന്ന താരത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഇർഫാൻ പത്താൻ.അടുത്ത കപിൽ ദേവ് എന്നൊക്കെ ഹാർദ്ദിക്കിനെ വിശേഷിപ്പിക്കുന്നതിലും പത്താന് എതിർപ്പുണ്ട്. രണ്ടാം കപിൽ ദേവ് എന്നതിനേക്കാൾ ആദ്യത്തെ ഹാർദിക് പാണ്ഡ്യയായി യുവതാരത്തെ കാണുന്നതല്ലേ നല്ലതെന്നും പത്താൻ ചോദിക്കുന്നു. ആരെയും ആരുമായും താരതമ്യപ്പെടുത്താതിരിക്കുന്നതാണ് ഏറ്റവും ഉചിതം.
സ്വാതന്ത്ര്യത്തോടെ കളിക്കാൻ അയാളെ അനുവദിക്കൂ. അങ്ങനയല്ലേ താരങ്ങൾ വളരുന്നതും വളരേണ്ടതുമെന്നും പത്താന്‍ പറയുന്നു.ഹാർദ്ദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ വിശ്വാസമർപ്പിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കാണ് പത്താന്റെ ആദ്യ അഭിനന്ദനം. യുവതാരങ്ങൾക്ക് ഇത്തരത്തിൽ പിന്തുണ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പത്താൻ പറയുന്നു. വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ഉയരങ്ങളിലെത്തേണ്ടിയിരുന്ന ചില താരങ്ങളെക്കുറിച്ച് നാം അദ്ഭുതപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും എന്ന് പത്താന്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!