ഗുര്‍പ്രീത് സിംഗിന് ചരിത്രനേട്ടം; യൂറോപ്പ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

By Web DeskFirst Published Jul 2, 2016, 8:59 AM IST
Highlights

ഓസ്‌ലോ: ഫുട്ബോള്‍ താരം ഗുര്‍പ്രീത് സിംഗ് സന്ധുവിന് ചരിത്ര നേട്ടം. യൂറോപ്പ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഗുര്‍പ്രീത് സിംഗ് സ്വന്തമാക്കി. ഇന്ത്യന്‍ ഫുട്ബോളിലെ താരരാജാക്കന്‍മാരായിരുന്ന ബൈചുംഗ് ബൂട്ടിയക്കോ സുനില്‍ ഛേത്രിക്കോ ഐ എം വിജയനോ ഒന്നും സ്വന്തമാക്കാനാകാതെ പോയ നേട്ടമാണ് ഗുര്‍പ്രീത് സിംഗ് സന്ധുവിനെ തേടിയെത്തിയിരിക്കുന്നത്.

യൂറോപ്പ ലീഗ് യോഗ്യത റൗണ്ടില്‍ നോര്‍വീജിയന്‍ ക്ലബായ സ്റ്റബൈക്ക് എഫ് സിയുടെ വല കാത്തത് ഈ പഞ്ചാബ് സ്വദേശിയാണ്. ഇതാദ്യമായാണ് യൂറോപ്പ ലീഗില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിന് അവസരം കിട്ടുന്നത്. ചാംപ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് പോരാട്ടമാണ് യൂറോപ്പ ലീഗ്. വെയ്ല്‍സ് ക്ലബായ കൊനാസ് ക്വേ നൊമാഡ്സ് എഫ് സി ക്കെതിരെയായിരുന്നു ഗുര്‍പ്രീതിന്‍റ അരങ്ങേറ്റം. ആദ്യ ഇലവനില്‍തനത്നെ സ്ഥാനം പിടിച്ച ഗുര്‍പ്രീതിന് പക്ഷെ മത്സരം പൂര്‍ത്തിയാക്കാനായില്ല.

പരിക്കേറ്റ ഇന്ത്യന്‍ താരത്തിന് 28ആം മിനിറ്റില്‍ പുറത്തുപോകേണ്ടി വന്നു. ചരിത്രനേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ഗുര്‍പ്പരീത് മത്സരം പീര്‍ത്തിയാക്കാനാകാതെ പോയതില്‍ നിരാശയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത മത്സരത്തിലും ഗുര്‍പ്രീതിന് കളിക്കാന്‍ കഴിയില്ല. 2014ലാണ് സ്റ്റബൈക്ക് എഫ്സിയുമായി ഗുര്‍പ്രീത് കരാര്‍ ഒപ്പിടുന്നത്.

 മൊഹമ്മദ്‌ സലിം, ബെയ്‌ചുംഗ്‌ ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരെല്ലാം യൂറോപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബറി എഫ് സിക്ക്‌ വേണ്ടിയായിരുന്നു ബൂട്ടിയ കളിച്ചത്‌.  ബംഗാള്‍ താരം സലിം1936ല്‍  സെല്‍റ്റികിന് വേണ്ടി സൗഹൃദ മത്സരം കളിച്ചപ്പോള്‍ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബന്‍ ടീമിലെത്തിയെങ്കിലും ബി ടീമിലായിരുന്നു സുനില്‍ ഛേത്രിയുടെ സ്ഥാനം.

 

click me!