കോലിയെ നാലാം നമ്പറില്‍ ഇറക്കുന്നത് പേടിച്ചിട്ടോ ? ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ ഹര്‍ഷ ഭോഗ്‌ലെ

By Web TeamFirst Published Feb 9, 2019, 7:03 PM IST
Highlights

കോലി നാലാം നമ്പറിലിറങ്ങിയാലും തിളങ്ങുമെന്നുറപ്പാണ്. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. റിസര്‍വ് ഓപ്പണറായ കെ എല്‍ രാഹുലും തിളങ്ങും. പിന്നെ കോലിയെ മൂന്നാം നമ്പറില്‍ നിന്ന് നാലാം നമ്പറിലേക്ക് മാറ്റുന്നത് എന്തിനാണ്.

വെല്ലിംഗ്ടണ്‍: മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കുമെന്ന കോച്ച് രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഏത് പൊസിഷനില്‍ കളിച്ചാലും മികവ് കാട്ടുന്ന കോലിയെ മൂന്നാം നമ്പറില്‍ നിന്ന് നാലാം നമ്പറിലേക്ക് മാറ്റുന്നത് വിക്കറ്റ് നഷ്ടമാവുമെന്ന ഭയത്തിലാണോ എന്ന് ഭോഗ്‌ലെ ചോദിച്ചു.

കോലി നാലാം നമ്പറിലിറങ്ങിയാലും തിളങ്ങുമെന്നുറപ്പാണ്. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. റിസര്‍വ് ഓപ്പണറായ കെ എല്‍ രാഹുലും തിളങ്ങും. പിന്നെ കോലിയെ മൂന്നാം നമ്പറില്‍ നിന്ന് നാലാം നമ്പറിലേക്ക് മാറ്റുന്നത് എന്തിനാണ്. ഏത് സാഹചര്യത്തിലും റണ്‍സടിക്കാന്‍ കെല്‍പ്പുള്ള താരമാണ് കോലി. കോലിയുടെ വിക്കറ്റ് പോകുമെന്ന ഭയത്താലാണ് നാലാം നമ്പറിലിറക്കുന്നതെങ്കില്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല.

എന്നാല്‍ ടീം സന്തുലിതമാവാന്‍ വേണ്ടിയാണെങ്കില്‍ കോലിയെ നാലാം നമ്പറിലിറക്കിയാലും പ്രശ്നമില്ല. ഒരു ടീമില്‍ ഒരാള്‍ക്ക് മാത്രമെ കളി ജയിപ്പിക്കാനാവു എന്ന് ചിന്തിച്ചാല്‍ കളി തുടങ്ങും മുമ്പെ തോല്‍ക്കേണ്ട സാഹചര്യമാവും ഉണ്ടാവുക. ആദ്യ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ക്ക് മോശം ദിവസവും 4 മുതല്‍ ആറു വരെ പൊസിഷനില്‍ ഇറങ്ങുന്നവര്‍ക്ക് നല്ല ദിവസവും ഉണ്ടാവാം. ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് ഏറ്റവും കൂടുതല്‍ പന്തുകള്‍ കളിക്കാനും ഏറ്റവും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനും അവസരം ലഭിക്കണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഭോഗ്‌ലെ പറഞ്ഞു.

click me!