ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര;  ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്ക

By Web TeamFirst Published Feb 23, 2019, 5:09 PM IST
Highlights

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായി ശ്രീലങ്ക. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ആതിഥേയരെ തോല്‍പ്പിച്ചതോടെയാണ് അസൂയാവഹമായ നേട്ടം ശ്രീലങ്ക സ്വന്തമാക്കിയത്. ഒഷാഡോ ഫെര്‍ണാണ്ടോ (75), കുശാല്‍ മെന്‍ഡിസ് (84) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മൂന്നാം ദിവസം തന്നെ ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായി ശ്രീലങ്ക. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ആതിഥേയരെ തോല്‍പ്പിച്ചതോടെയാണ് അസൂയാവഹമായ നേട്ടം ശ്രീലങ്ക സ്വന്തമാക്കിയത്. ഒഷാഡോ ഫെര്‍ണാണ്ടോ (75), കുശാല്‍ മെന്‍ഡിസ് (84) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മൂന്നാം ദിവസം തന്നെ ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 222 & 128. ശ്രീലങ്ക 154 & 197/2.

രണ്ടിന് 60 എന്ന നിലയിലാണ് ലങ്ക  മൂന്നാം ദിനം തുടങ്ങിയത്. ഓപ്പണര്‍മാരായ ദിമുത് കരുണാരത്‌നെ (19), ലാഹിരു തിരിമാനെ (10) എന്നിവരെ നേരത്തെ നഷ്ടമായിരുന്നു ശ്രീലങ്കയ്ക്ക്. എന്നാല്‍ കരുണാരത്‌നെ- മെന്‍ഡിസ് ഒരുക്കിയ 163 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ലങ്കയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഒരു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ക്കും ഈ കൂട്ടുക്കെട്ടിന് ഭീഷണി ഉയര്‍ത്താന്‍ പോലും സാധിച്ചില്ല. ടീമിലെ സ്പിന്നറായ കേശവ് മഹാരാജിന് കാര്യമായ പിന്തുണയൊന്നും പിച്ചില്‍ നിന്ന് ലഭിച്ചതുമില്ല. ഇതോടെ ലങ്ക അനായാസം വിജയതീരത്തെത്തി. 

നേരത്തെ, രണ്ടാം ഇന്നിങ്സില്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മുട്ടുക്കുത്തി. 50 റണ്‍സുമായി പുറത്താവാതെ നിന്ന് ഫാഫ് ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഹാഷിം അംല (32), എയ്ഡന്‍ മാര്‍ക്രം (18) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് നേടിയ സുരംഗ ലക്മലാണ് ആതിഥേയരുടെ നടുവൊടിച്ചത്. ധനഞ്ജയ ഡിസില്‍വ മൂന്നും കശുന്‍ രജിത രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് കളിച്ച ഏഴ് ടെസ്റ്റില്‍ ആറ് തോല്‍വിയുമായിട്ടാണ് ശ്രീലങ്ക എത്തിയത്. ടീമില്‍ ഒന്നാകെ മാറ്റവും നടത്തിയിരുന്നു. ക്യാപ്റ്റനായിരുന്ന ദിനേശ് ചാണ്ഡിമലിനെ ഒഴിവാക്കിയപ്പോള്‍ ചില താരങ്ങള്‍ പരിക്ക് കാരണം പരമ്പര നഷ്ടമായി. ദിമുത് കരുണാരത്‌നെയാണ് ശ്രീലങ്കയെ നയിച്ചത്.

click me!