ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാന് താരം സാഹിബ്സാദ ഫര്ഹാന് ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി.
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്. ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി പുറത്തിറക്കിയ ടി20 റാങ്കിംഗില്‍ 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സടിച്ച് ടീമിന് സെമി ടിക്കറ്റ് നേടിക്കൊടുത്ത പ്രകടനമാണ് സഞ്ജുവിന്റെ റെക്കോര്‍ഡ് കുതിപ്പിന് കാരണമായത്.
ഒന്നാം സ്ഥാനത്ത് അഭിഷേക് സേഫല്ല
പുതിയ ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാന് താരം സാഹിബ്സാദ ഫര്ഹാന് ഒരു സ്ഥാനം ഉയര്‍ന്ന് അഭിഷേകിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് 874 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള ഫര്ഹാന് 848 റേറ്റിംഗ് പോയന്റുമാണുള്ളത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മികവ് കാട്ടാനായില്ലെങ്കില്‍ അഭിഷേകിന് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്.
ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരം ഇഷാന് കിഷന് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ മറികടന്ന് തിലക് വര്‍മ ആറാം സ്ഥാനത്തേക്ക് കയറി. സൂര്യകുമാര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. ബാറ്റിംഗ് റാങ്കിംഗില്‍ ടോപ് 10ല്‍ നാല് ഇന്ത്യൻ താരങ്ങളാണുള്ളത്. ആറ് സ്ഥാനം മെച്ചപ്പെടുത്തി സിംബാബ്വെയുടെ ബ്രയാന്‍ ബെന്നറ്റ് 11-ാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യയുടെ ശിവം ദുബെ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 31-ാം സ്ഥാനത്തേക്ക് വീണു.
16 സ്ഥാനം മെച്ചപ്പെടുത്തി 43-ാം സ്ഥാനത്തെത്തിയ സിംബാബ്വെ നായകന് സിക്കന്ദര്‍ റാസയും 17 സ്ഥാനം മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തെത്തിയ പാകിസ്ഥാന്റെ ഫഖര്‍ സമനുമാണ് സഞ്ജു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം. ബാറ്റിംഗ് റാങ്കിംഗില്‍ എട്ട് സ്ഥാനം കയറിയ ഹാര്‍ദ്ദിക് പാണ്ഡയ 50-ാം സ്ഥാനത്തെത്തി.
ചക്രവര്‍ത്തി തന്നെ ഒന്നാമത്
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 771 റേറ്റിംഗ് പോയന്റുമായാണ് വരുണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്ഥാന്റെ അര്ബ്രര് അഹമ്മദ് രണ്ട് സ്ഥാനം ഉയര്‍ന്ന് മൂന്നാമതെത്തിയപ്പോള്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് ഏഴാമതെത്തി. ആറ് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തിയ അര്ഷ്ജീപ് സിംഗാണ് ബൗളിംഗ് റാങ്കിംഗില്‍ നേട്ടം കൊയ്ത മറ്റൊരു ഇന്ത്യൻ താരം.