വിജയനും ചോദിക്കുന്നു, അനസെവിടെ..? ഈ പോക്ക് ശരിയല്ല

By Web TeamFirst Published Nov 7, 2018, 12:59 PM IST
Highlights
  • കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നുക്കൊണ്ടിരിക്കുന്ന സമയമാണിത്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകര്‍ ബ്ലാസ്റ്റേ്‌ഴ്സ് മാനേജ്‌മെന്‍റിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. 

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നുക്കൊണ്ടിരിക്കുന്ന സമയമാണിത്. സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകര്‍ ബ്ലാസ്റ്റേ്‌ഴ്സ് മാനേജ്‌മെന്‍റിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. അവര്‍ക്കൊപ്പമാണ് ഇതിഹാസതാരം ഐ. എം വിജയനും. ഏഷ്യാനെറ്റ് ന്യൂസിനോട്  വിജയനും തുറന്ന് പറഞ്ഞു ഇക്കാര്യം. 

വിജയന്‍റെ വാക്കുകള്‍.., അനസിനെപ്പോലെ ഒരു താരത്തെ പുറത്തിരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. വിലക്കിന് ശേഷമുള്ള കഴിഞ്ഞ മൂന്ന മത്സരങ്ങളിലും അനസിന് കളിക്കാന്‍ കഴിഞ്ഞില്ല. അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം ഇപ്പോഴത്തെ പ്രതിരോധം കരുത്ത് കാണിക്കുന്നില്ല. ബംഗളൂരുവിനെതിരേ വഴങ്ങിയ ഗോള്‍, അനസൊക്കെ ഉണ്ടായിരുന്നെങ്കില്‍ വഴങ്ങാതിരിക്കാമായിരുന്നു. 

അനസിനെ എനിക്കറിയാം. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അനസ്. ഒരുപാട് പരിചയസമ്പത്തുള്ള താരം. ഇന്ത്യന്‍ ടീമിലും ഒരുപാട് തവണ പന്ത് തട്ടി. ദേശീയ ടീമില്‍ സന്ദേശ് ജിങ്കാനും അനസും മികച്ച കൂട്ടുക്കെട്ടുണ്ടാക്കുന്നു. അങ്ങനെ ഒരു താരത്തെ തുടര്‍ച്ചയായി തഴയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഇതിനിടെ അനസ് ക്ലബ് വിടുമെന്ന റൂമറുകളും ശക്തമായി. വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്റെ മുന്‍ ക്ലബായ ജംഷഡ്പുര്‍ എഫ്‌സിയിലേക്കോ അല്ലെങ്കില്‍ എടികെയിലേക്കോ മാറിയേക്കുമെന്നാണ് കേള്‍വി. എടികെയുടെ ഇപ്പോഴത്തെ പരിശീലകന്‍ സ്റ്റീവ് കോപ്പലും അനസും ജംഷഡ്പുരില്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നതും കൂട്ടിവായിക്കാം.

click me!