19-ാം വയസില്‍ അയാളുടെ 10 ശതമാനം പ്രതിഭ പോലും എനിക്കില്ലായിരുന്നു; യുവതാരത്തെ വാനോളം പുകഴ്‌ത്തി കോലി

By Web TeamFirst Published Jan 28, 2019, 5:10 PM IST
Highlights

അയാള്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അയാളുടെ മികവിന്റെ 10 ശതമാനം പ്രതിഭപോലും പത്തെൊമ്പതാം വയസില്‍ എനിക്കുണ്ടായിരുന്നില്ല. യുവതാരങ്ങളുടെ ആത്മവിശ്വാസം തുളുമ്പുന്ന പ്രകടനം

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമാണ് ശുഭ്മാന്‍ ഗില്‍. ബാറ്റിംഗില്‍ വിരാട് കോലിയെ ആരാധിക്കുകയും അനുസ്മരിപ്പിക്കുകയും ചെയ്യുന്ന ഗില്‍ ഇന്ത്യയുടെ അടുത്ത കോലിയാണെന്ന് ക്രിക്കറ്റ് ലോകം ഇപ്പോഴെ വിലയിരുത്തിക്കഴിഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഗില്ലിനെക്കുറിച്ച് പറയാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും നൂറ് നാവാണ്.

നെറ്റ്സില്‍ ഗില്ലിന്റെ പ്രകടനം കണ്ടശേഷം കോലി പറയുന്നത് പത്തൊമ്പതാം വയസില്‍ ഗില്‍ പുറത്തെടുക്കുന്ന പ്രതിഭയുടെ പത്തുശതമാനം പോലും ആ പ്രായത്തില്‍ തനിക്കുണ്ടായിരുന്നില്ലെന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവുറ്റ ഒരുപിടി യുവതാരങ്ങളുണ്ട്. പൃഥ്വി ഷായെപ്പോലെ, ശുഭ്മാന്‍ ഗില്ലിനെപ്പോലെ.

ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു. അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അയാളുടെ മികവിന്റെ 10 ശതമാനം മികവുപോലും പത്തൊമ്പതാം വയസില്‍ എനിക്കുണ്ടായിരുന്നില്ല. യുവതാരങ്ങളുടെ ആത്മവിശ്വാസം തുളുമ്പുന്ന പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്നുവെന്നും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയശേഷം കോലി പറഞ്ഞു.

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ 418 റണ്‍സടിച്ച് ടൂര്‍ണമെന്റിലെ താരമായ ഗില്‍ ബാറ്റിംഗ് ശൈലിയില്‍ കോലിയുടെ തനിപകര്‍പ്പാണ്. ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ കോലി ഇല്ലാത്തതിനാല്‍ ഗില്‍ ആവും പകരക്കാരനെന്ന സൂചനയാണ് കോലിയുടെ വാക്കുകള്‍.

click me!