ഐ ലീഗില്‍ ആദ്യ നാലിലെത്തുക ലക്ഷ്യം: ഗോകുലം എഫ്സി നായകന്‍ സുശാന്ത് മാത്യു

By Web DeskFirst Published Nov 22, 2017, 7:45 PM IST
Highlights

ദില്ലി: ഐ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്ന് ചാമ്പ്യൻഷിപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ഗോകുലം എഫ്സി ക്യാപ്റ്റന്‍ സുശാന്ത് മാത്യു. ചാമ്പ്യൻഷിപ്പ് കഴിയുന്നതോടെ കേരളത്തിലെ ഫുട്ബോൾ രംഗത്ത് വലിയ മാറ്റമുണ്ടാകും. വലിയ വെല്ലുവിളികള്‍ നേരിടാന്‍ ടീം തയ്യാറെടുത്ത് കഴിഞ്ഞതായി കേരളാ ബ്ലാസ്റ്റേഴ്സ് മുന്‍താരം പറഞ്ഞു.

വിദേശ കളിക്കാര്‍ ഉള്‍പ്പെടെ മികച്ച താരങ്ങള്‍ ടീമിനൊപ്പമുണ്ട്. ഫുട്ബോള്‍ രംഗത്ത് പുതിയ ചരിത്രം കുറിക്കാന്‍ ഐ ലീഗ് സഹായിക്കും. ഐഎം വിജയനേയും ജോ പോള്‍ അഞ്ചേരിയേയും പോലുളള താരങ്ങള്‍ ടീമില്‍ നിന്നുയര്‍ന്നുവരുമെന്നും സുശാന്ത് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് ടീമുകളാണ് ഇക്കുറി ഐ ലീഗില്‍ കളിക്കുന്നത്.

കേരള ടീമായ ഗോകുലം എഫ്സി ഉള്‍പ്പെടെ മൂന്ന് ടീമുകള്‍ക്ക് കന്നി സീസണാണിത്. മണിപ്പൂരില്‍ നിന്നുള്ള നെരോകാ എഫ് സി, ദില്ലിയില്‍ നിന്നുള്ള ഇന്ത്യന്‍ ആരോസ് എന്നിവയാണ് മറ്റുടീമുകള്‍. ഐ ലീഗ് ഫുട്ബോളിന്‍റെ പതിനൊന്നാം ചാമ്പ്യന്‍ഷിപ്പിന് ഈ മാസം 25 ന് ലുധിയാനയില്‍ മിനര്‍വ പഞ്ചാബ്-  മോഹന്‍ ബഗാന്‍ മത്സരത്തോടെ തുടക്കമാകും.

 

click me!