
ബെര്‍മിംഗ്ഹാം: പാകിസ്ഥാനില്‍ നടക്കുന്ന ലോക ഇലവനും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള വിസയ്ക്കായി ബര്‍മിംഗ്ഹാമിലെ പാക് കോണ്‍സുലേറ്റിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ കോണ്‍സുലേറ്റ് അപമാനിച്ച് പുറത്താക്കിയെന്ന് ആരോപണം. ഈ മാസം രണ്ടിനായിരുന്നു സംഭവം. ട്വിറ്ററിലൂടെ ഇമ്രാന്‍ താഹിര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'എന്നെയും എന്റെ കുടുംബത്തെയും പാക് ഹൈക്കമ്മീഷണര്‍ അപമാനിക്കുകയും പുറത്താക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ലോക ഇലവനുവേണ്ടി മത്സരിക്കാനായി വിസക്ക് വേണ്ടി എത്തിയപ്പോഴായിരുന്നു അപമാനം നേരിട്ടത്'-താഹിര്‍ ട്വിറ്ററില്‍ കുറിച്ചു.
ബെര്‍മിംഗ്ഹാമിലെ പാക് കോണ്‍സുലേറ്റില്‍ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. എന്റെ കുടുംബത്തോടൊപ്പം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള വിസക്ക് വേണ്ടി എത്തിയതായിരുന്നു ഞാന്‍. അഞ്ചു മണിക്കൂര്‍ അവിടെ കാത്തിരുന്നു. ശേഷം ഒരു ഉദ്യഗോസ്ഥന്‍ വന്ന് ഓഫീസ് സമയം കഴിഞ്ഞുവെന്നും കോണ്‍സുലേറ്റ് അടക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് വിസ നല്‍കാന്‍ ഉദ്യോഗസ്ഥരോട് ഹൈക്കമ്മീഷണര്‍ ഇബ്‌നു അബ്ബാസ് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. പാക്കിസ്ഥാന്‍ വംശജനായ, ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുന്ന, ലോക ഇലവനില്‍ കളിക്കാന്‍ പോവുന്ന എനിക്ക് നേരിട്ടത് വളരെ മോശം അനുഭവമാണ്. ഞങ്ങളെ രക്ഷിച്ച ഇബ്‌നു അബ്ബാസിന് ഞങ്ങളുടെ അനുമോദനം. ഇമ്രാന്‍ താഹിര്‍ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഭാഗമായുള്ള ടൂര്‍ണമെന്റില്‍ താഹിര്‍ അടക്കം ടെസ്റ്റ് കളിക്കുന്ന ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 14 താരങ്ങളാണ് ലോക ഇലവനിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!