
മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോൾ ഓസ്ട്രേലിയൻ ടീമിൽ ഒരു സ്പെഷ്യൽ താരം കൂടിയുണ്ടാവും. ഏഴ് വയസുകാരന്‍ ആർച്ചി ഷില്ലറാണ് ഓസീസ് ടീമിലുണ്ടാകുക. ടിം പെയ്‌നിനൊപ്പം സഹ നായകനായി ആർച്ചി മൈതാനത്തിറങ്ങും. മെൽബണിൽ ബുധനാഴ്ചയാണ് ടെസ്റ്റിന് തുടക്കമാകുന്നത്. ഓസ്ട്രേലിയൻ ടീമിനൊപ്പം പരിശീലനം തുടങ്ങിയ ആർച്ചി ഡ്രസ്സിംഗ് റൂമിലെ താരമായിക്കഴിഞ്ഞു.
ചിരിച്ച് കളിച്ച് ഓസീസ് താരങ്ങൾക്കൊപ്പം നടക്കുന്ന ആർച്ചി ജീവിതത്തിലെ കൂടുതൽ ദിവസങ്ങളും ചെലവഴിച്ചത് ആശുപത്രിക്കിടക്കയിലാണ്. ആറുവയസ്സിനിടെ 13 തവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായി. വെറും മൂന്ന് മാസം പ്രായമുള്ളപ്പോളായിരുന്നു ആദ്യ ശസ്ത്രക്രിയ. ഡാമിയന്‍റെയും സാറയുടെയും മകനായ ആർച്ചിയുടെ ഏറ്റവും വലിയ സ്വപ്നം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അംഗമാവുക എന്നതായിരുന്നു. ഈ സ്വപ്നം സഫലമാക്കിയത് 'മേക്ക് എ വിഷ്' ഓസ്ട്രേലിയ എന്ന സംഘടയാണ്.
ഓസ്ട്രേലിയ യുഎഇയിൽ പാകിസ്ഥാനെതിരെ കളിക്കവേയാണ് 'മേക്ക് എ വിഷ് ഓസ്ട്രേലിയ' ആർച്ചീയുടെ മോഹം കോച്ച് ജസ്റ്റിൻ ലാംഗറെ അറിയിച്ചത്. കൊച്ചുതാരത്തിന്‍റെ മോഹത്തെ അവഗണിക്കാൻ ലാംഗറിനായില്ല. ഓസീസ് താരങ്ങൾക്കുള്ള അതേ പരിഗണനയാണ് ടീമിൽ ആർച്ചിക്കും ലഭിക്കുന്നത്. ക്യാപ്റ്റൻ ടിം പെയ്ൻ ബാഗി ഗ്രീൻ ക്യാപ്പ് സമ്മാനിച്ചപ്പോൾ ടീമിന്‍റെ വെള്ള വസ്ത്രം നൽകിയത് സ്പിന്നറായ ആർച്ചിയുടെ പ്രിയതാരം നേഥൻ ലിയോണാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!