
ഇൻഡോര്‍: ലോക റെക്കോര്‍ഡ് പ്രകടനവുമായി രോഹിത് ശര്‍മ്മ മുന്നിൽനിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഉജ്ജ്വലവിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മൽസരത്തിൽ 88 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 261 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നിൽവെച്ചത്. എന്നാൽ ലങ്കക്കാരുടെ മറുപടി 17.2 ഓവറിൽ ഒമ്പതിന് 172 റണ്‍സിൽ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചലോ മാത്യൂസ് ബാറ്റുചെയ്യാൻ ഇറങ്ങിയില്ല. ഇതോടെ മൂന്നു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കുകയായിരുന്നു. 37 പന്തിൽ 77 റണ്‍സെടുത്ത കുശാൽ പെരേരയുടെ മികവിൽ ലങ്ക പൊരുതിനോക്കിയെങ്കിലും ലക്ഷ്യം ഒരുപാട് അകലെയായിരുന്നു. ലങ്കൻ ഓപ്പണര്‍ ഉപുൽ തരംഗ 47 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കുവേണ്ടി യുസ്‌വേന്ദ്ര ചഹൽ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ടി20യിലെ അതിവേഗ സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മയാണ് മാൻ ഓഫ് ദ മാച്ച്.
സ്‌കോര്‍- ഇന്ത്യ 20 ഓവറിൽ അഞ്ചിന് 260 & ശ്രീലങ്ക 20 ഓവറിൽ ഒമ്പതിന് 172
രോഹിത് ശര്‍മ്മയുടെ ബാറ്റിൽനിന്ന് സിക്സറുകളുടെ പെരുമഴ പെയ്തപ്പോള്‍ ഇൻഡോറിൽ ഇന്ത്യ തീര്‍ത്തത് മിന്നുന്ന പ്രകടനമായിരുന്നു. ടി20യിലെ ഒരുപിടി റെക്കോര്‍ഡുകള്‍ വഴിമാറിയ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് 20 ഓവറിൽ അഞ്ചിന് 260 റണ്‍സ്. രോഹിത് ശര്‍മ്മ ടി20യിലെ അതിവേഗ സെഞ്ച്വറിയെന്ന ലോകറെക്കോര്‍ഡിന് ഒപ്പമെത്തി എന്നതാണ് ഈ മൽസരത്തിന്റെ സവിശേഷത. 35 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. ഇക്കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ക്കൊപ്പമാണ് ഇനി രോഹിത് ശര്‍മ്മ
രണ്ടാം ടി20 മൽസരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നെങ്കിലും രോഹിതും കൂട്ടരും അടിച്ചുതകര്‍ത്തപ്പോൾ ലങ്കൻ ബാറ്റ്‌സ്‌മാൻമാര്‍ വെറും കാഴ്‌ചക്കാരായി. ടി20യിലെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ ഇന്ത്യയെ മുന്നിൽനിന്ന് നയിക്കുകയായിരുന്നു. 43 പന്തിൽ 118 റണ്‍സെടുത്ത രോഹിത് ശര്‍മ്മ 12 ബൗണ്ടറികളും പത്ത് സിക്‌സറുകളും പറത്തിയാണ് കാഴ്‌ചക്കാര്‍ക്ക് വിരുന്നൊരുക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രോഹിതും രാഹുലും ചേര്‍ന്ന് 12.4 ഓവറിൽ 165 റണ്‍സാണ് അടിച്ചെടുത്തത്. ഇത് ഇന്ത്യയുടെ റെക്കോര്‍ഡാണ്. രാഹുൽ 49 പന്തിൽ 89 റണ്‍സെടുത്തു. അഞ്ചു ബൗണ്ടറികളും എട്ടു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. രോഹിത് പുറത്തായശേഷം മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണി 21പന്തിൽ 28 റണ്‍സെടുത്തു. ലങ്കക്കായി തിസര പെരേരയും നുവൻ പ്രദീപും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
മലയാളി താരം ബേസിൽ തമ്പി കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടീമിൽ മാറ്റംവരുത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. വിശ്വ ഫെര്‍ണാണ്ടോ, ദസുൻ ശനക എന്നിവര്‍ക്ക് പകരം സദീര സമരവിക്രമ, ചതുരംഗ ഡി സിൽവ എന്നിവര്‍ ശ്രീലങ്കൻ ടീമിൽ ഇടംനേടി.പരമ്പരയിലെ അവസാന മൽസരം ക്രിസ്‌മസ് തലേന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!