ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ആശ്വാസ ജയം നേടി. 175 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 175 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ദിനം ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 152&132, ഇംഗ്ലണ്ട് 110&178/6. നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ 3-1ന് മുന്നിലാണ് ഓസ്‌ട്രേലിയ. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി നാലിന് സിഡ്‌നിയില്‍ ആരംഭിക്കും.

രണ്ടാം ഇന്നിംഗ്‌സില്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാക് ക്രൗളി (37) - ബെന്‍ ഡക്കറ്റ് (34) സഖ്യം 51 റണ്‍സ് ചേര്‍ത്തു. ഡക്കറ്റിനെ ബൗള്‍ഡാക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ക്രീസിലെത്തിയ ബ്രൈഡണ്‍ കാര്‍സെ (6) വന്നത് പോലെ മടങ്ങി. തുടര്‍ന്ന് ക്രൗളി - ജേക്കബ് ബേതല്‍ (40) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും സ്‌കോട്ട് ബോളണ്ട് മടക്കിയച്ചു. ജോ റൂട്ടിനെ (15) ജേ റിച്ചാര്‍ഡ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ അഞ്ചിന് 158 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നാലെ ബെന്‍ സ്റ്റോക്‌സും (2) മടങ്ങി. ടീം ചെറുതായൊന്ന് പ്രതിരോധത്തിലേക്ക് പോയെങ്കിലും ഹാരി ബ്രൂക്ക് (18) - ബെന്‍ സ്‌റ്റോക്‌സ് (3) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 132ന് അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ബ്രൈഡണ്‍ കാര്‍സെ, മൂന്ന് പേരെ പുറത്താക്കിയ സ്റ്റോക്‌സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 46 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (പുറത്താവാതെ 24), കാമറൂണ്‍ ഗ്രീന്‍ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജേക്ക് വെതര്‍ലാന്‍ഡ് (5), മര്‍നസ് ലബുഷെയ്ന്‍ (8), ഉസ്മാന്‍ ഖവാജ (0), അലക്‌സ് ക്യാരി (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൈക്കല്‍ നെസര്‍ (0), മിച്ചല്‍ സ്റ്റാര്‍ക്ക് (0), ജേ റിച്ചാര്‍ഡ്‌സണ്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 42 റണ്‍സിന്റെ ലീഡാണ് നേടിയിരുന്നത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 152നെതിരെ ഇംഗ്ലണ്ട് 110ന് എല്ലാവരും പുറത്താവുകയായിരുന്നു.

YouTube video player