
മുംബൈ: രോഹിത് ശര്‍മയും അംബാട്ടി റായിഡുവും ബാറ്റ് കൊണ്ട് താണ്ഡവമാടിയ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ വിന്‍ഡീസ് ബാറ്റിംഗ് നിരക്ക് മുട്ടിടിച്ചപ്പോള്‍ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 36.2 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തിയ ഇന്ത്യ തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരം തോറ്റാലും പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 377/5, വെസ്റ്റ് ഇന്‍ഡീസ് 36.2 ഓവറില്‍ 153.
ഇന്ത്യ ഉയര്‍ത്തിയ റണ്‍മല കയറാന്‍ വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ നിന്ന് അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതിന് കഴിയുമെന്ന് കരുതിയ ഷായ് ഹോപ് പൂജ്യത്തിനും ഹെറ്റ്മെയര്‍ 13 റണ്‍സിനും പുറത്തായതോടെ വിന്‍ഡീസ് തോല്‍വി ഉറപ്പിച്ചു. കീറോണ്‍ പവലും ഷായ് ഹോപ്പും തുടര്‍ച്ചയായി റണ്ണൗട്ടായതോടെ വിന്‍ഡീസ് ബാറ്റിംഗ് നിരക്ക് പിന്നീടൊരിക്കലും ട്രാക്കിലെത്താനായില്ല. 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടം വിന്‍ഡീസിന്റെ തോല്‍വിഭാരം കുറച്ചെന്ന് മാത്രം.
നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. ഹേമരാജിനെ വീഴ്ത്തി ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ കീറോണ്‍ പവലും(4), ഹോപ്പും റണ്ണൗട്ടായി. 20/3 എന്ന സ്കോറില്‍ തകര്‍ന്ന വിന്‍ഡീസ് വിജയമോഹങ്ങള്‍ അവിടെ ഉപേക്ഷിച്ചു. പിന്നാലെ സാമുവല്‍സ്(18), റോമന്‍ പവല്‍(1) എന്നിവരും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും അംബാട്ടി റായിഡുവിന്റെയും സെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര് കുറിച്ചത്‍. 162 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 81 പന്തില്‍ 100 റണ്‍സെടുത്ത റായിഡു അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ റണ്ണൗട്ടായി പുറത്തായി.
മൂന്നാം വിക്കറ്റില്‍ രോഹിത്-റായിഡു സഖ്യം കൂട്ടിച്ചേര്‍ച്ച 211 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ഓപ്പണര്‍മാരായ ധവാനും രോഹിത്തും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിവ് പോലെ നല്ല തുടക്കത്തിന് ശേഷം 38 റണ്‍സുമായി ധവാന്‍ മടങ്ങി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കോലി രണ്ട് ബൗണ്ടറി നേടി അടുത്ത വലിയ സ്‌കോറിന്റെ സൂചന നല്‍കിയെങ്കിലും കെമര്‍ റോച്ചിന്റെ പന്തില്‍ 16 റണ്‍സെടുത്ത് വിക്കറ്ര് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. 15 പന്തില്‍ 23 റണ്‍സെടുത്ത ധോണിയും നിരാശപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!