തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിന്‍ഡിന്‍റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു.
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് പുതുജീവനേല്‍കി ന്യൂസിലന്‍ഡിനെ ആവേശപ്പോരില്‍ മറികടന്ന് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരിക്കെ റെഹാന്‍ അഹമ്മദും വില്‍ ജാക്സും തകര്‍ത്തടിച്ച് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സെടുത്ത റെഹാൻ അഹമ്മദും ജാക്സും ചേര്‍ന്ന് മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ചു. മാറ്റ് ഹെന്‍റി എറിഞ്ഞ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്ത ജാക്സും അഹമ്മദും മൂന്നാം പന്തില്‍ ലെഗ് ബൈ ബൗണ്ടറിയിലൂടെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(2) ജോസ് ബട്‌ലറെയും (0)തുടക്കത്തിലെ നഷ്ടമായ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്(26), ജേക്കബ ബെഥേല്‍(21), ടോം ബാന്‍റണ്‍(33), സാം കറന്‍(24) വില്‍ ജാക്സ്(18 പന്തില്‍ 32*), റെഹാന്‍ അഹമ്മദ്(7 പന്തില്‍ 19*) എന്നിവരുടെ ഇന്നിംഗ്ലുകളാണ് കരുത്തായത്. പതിനേഴാം ഓവറില്‍ 117-6ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്.
സ്പിന്‍ പിച്ചില്‍ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ടിം സൈഫര്‍ട്ട്(35), ഫിൻ അലന്‍(29), ഗ്ലെന്‍ ഫിലിപ്സ്(39), മാര്‍ക് ചാപ്മാന്‍(15)എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിന്‍ഡിന്‍റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു. അതേസമയം ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെ സെമിയില്‍ നേരിടാം. ഇന്ത്യ-വിന്‍ഡീസ് മത്സര വിജയികളായിരിക്കും ഇംഗ്ലണ്ടിന്‍റെ സെമിയിലെ എതിരാളികള്‍.
