ഓവലിലും ഇന്ത്യ തോറ്റു; കുക്കിനെ വിജയത്തോടെ തിരിച്ചയച്ച് ഇംഗ്ലണ്ട്

By Web TeamFirst Published Sep 11, 2018, 10:29 PM IST
Highlights
  • ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന അവസാന ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. 118 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ  തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി. 464 റണ്‍സ് വിജയലക്ഷ്യവുമായി  ഇറങ്ങിയ  ഇന്ത്യ 345ന് എല്ലാവരും  പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട് 332 & 423/8 ഡി. ഇന്ത്യ 292 & 345.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന അവസാന ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. 118 റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ  തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 4-1ന് സ്വന്തമാക്കി. 464 റണ്‍സ് വിജയലക്ഷ്യവുമായി  ഇറങ്ങിയ  ഇന്ത്യ 345ന് എല്ലാവരും  പുറത്തായി. സ്‌കോര്‍ ഇംഗ്ലണ്ട് 332 & 423/8 ഡി. ഇന്ത്യ 292 & 345. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാം. രണ്ടാം ഇന്നിങ്‌സിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ  പേസ് ബൗളറായി. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ അവസാന ടെസ്റ്റ് കൂടിയായിരുന്നു ഇത്. 

രണ്ടാം ഇന്നിങ്സില്‍ 464 വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച് ഇന്ത്യക്ക് ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 167 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- പന്ത് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 204 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. പന്തിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ഇന്നിങ്‌സിലെ പ്രത്യേകത. 146 പന്ത് നേരിട്ട ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ 114 റണ്‍സ് നേടി. 15 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. രാഹുല്‍ 224 പന്തില്‍ നിന്ന് 149 റണ്‍സ് നേടി. എന്നാല്‍ രാഹുലിന്റെ വിക്കറ്റ് തെറിപ്പിച്ച് ആദില്‍ റഷീദ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പിന്നാലെ പന്തിനെ റഷീദ് പറഞ്ഞയച്ചു. രവീന്ദ്ര ജഡേജയും (46 പന്തില്‍ 13), ഇശാന്ത് ശര്‍മ (24 പന്തില്‍ 5) എന്നിവര്‍ സമനിലയ്ക്ക് വേണ്ടി പ്രതിരോധിച്ചെങ്കിലും സാം കുറന്‍ മുന്നില്‍ മുട്ടുമടക്കി. മുഹമ്മദ് ഷമിയെ ആന്‍ഡേഴ്‌സണ്‍ മടക്കി അയച്ചതോടെ ബുംറ പുറത്താവാതെ നിന്നു.

അഞ്ചാം ദിനം 58ന് മൂന്ന് എന്ന നിലയിലാണ ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ 37 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെ നേരത്തെ പുറത്തായി. പിന്നാലെ എത്തിയ ഹനുമ വിഹാരിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.  ആറ് പന്ത് മാത്രം നേരിട്ട വിഹാരി ബെന്‍ സ്റ്റോക്സിന് വിക്കറ്റ് നല്‍കി മടങ്ങി. മൊയീന്‍ അലിക്കായിരുന്നു രഹാനെയുടെ വിക്കറ്റ്. നാലാം ദിനം ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്ന്മാര്‍ പവലിയനിലേക്ക് തിരികെ എത്തിയിരുന്നു. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (0) എന്നിവരാണ് ഇന്നലെ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും കുറന്‍, റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന അലിസ്റ്റര്‍ കുക്കിനെ വിജയത്തോടെ മടക്കി അയക്കാന്‍  ഇംഗ്ലണ്ടിനായി. മാത്രമല്ല ആന്‍ഡേഴ്‌സണ്‍ ഗ്ലെന്‍ മഗ്രാത്തിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയും ഓവല്‍ ടെസ്റ്റിലാണ്.   

click me!